ആദ്യം ഗോൾ; ശേഷം ജഴ്‌സി ഉയര്‍ത്തി ടീഷര്‍ട്ടിലെ വാക്യം പ്രദർശിപ്പിച്ച് ഡയസ്; ‘പിതാവിന് മോചനം വേണം’

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടീമിനായി ഗോളടിച്ച ശേഷം ഗറില്ല സംഘം തട്ടിക്കൊണ്ടുപോയ പിതാവിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ താരം ലൂയിസ് ഡയസ്. ‘പിതാവിന് മോചനം വേണം’ എന്നാണ് താരം ടീഷര്‍ട്ടില്‍ കുറിച്ചത്. ഇത് ചുരുങ്ങിയ നിമിഷംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ചു. കൊളംബിയന്‍ താരമായ ഡയസിന്റെ കുടുംബത്തെ ഗറില്ല സംഘം കഴിഞ്ഞയാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്.

ല്യൂട്ടണ്‍ ടൗണിനെതിരായ മത്സരത്തില്‍ ടീമിനായി സമനില ഗോള്‍ നേടിയതിന് പിന്നാലെയാണ് ജഴ്‌സി ഉയര്‍ത്തി തന്റെ ടീഷര്‍ട്ടിലുള്ള വാക്യം ഡയസ് ക്യാമറയ്ക്ക് മുന്നില്‍ പ്രദർശിപ്പിച്ചത്. പോലീസിന്റെ ഇടപെടല്‍ മൂലം താരത്തിന്റെ അമ്മയെ മോചിപ്പിച്ചു. എന്നാല്‍ പിതാവ് ലൂയിസ് മാനുവല്‍ ഡയസ് ഇപ്പോഴും സംഘത്തിന്റെ പിടിയിലാണ്. ഇ.എല്‍.എന്‍. എന്ന പേരിലറിയപ്പെടുന്ന നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണ് താരത്തിന്റെ പിതാവിനെ തട്ടിക്കൊണ്ടുപോയതെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. മാനുവല്‍ ഡയസിനെ പുറത്തുകൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.

‘ഇന്ന് ഒരു ഫുട്‌ബോളറായിട്ടല്ല മറിച്ച് ലൂയിസ് മാനുവല്‍ ഡയസിന്റെ മകന്‍ ലുച്ചോ ഡയസ്സായാണ് ഞാന്‍ സംസാരിക്കുന്നത്. എന്റെ കുടുംബത്തിന്റെ നെടുംതൂണും കഠിനാധ്വാനിയുമായ എന്റെ പിതാവിനെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ്. പിതാവിനെ മോചിപ്പിക്കാനായി ഞാന്‍ ഇ.എല്‍.എന്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല അന്താരാഷ്ട്ര ഏജന്‍സികളോടും ഞാന്‍ സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്’, മത്സരശേഷം ഡയസ് പറഞ്ഞു. മത്സരത്തില്‍ പകരക്കാരനായി വന്ന ഡയസ് ഇന്‍ജുറി ടൈമില്‍ ലക്ഷ്യം കണ്ട് തോല്‍വിയില്‍ നിന്ന് ലിവര്‍പൂളിനെ രക്ഷിച്ചു. താരത്തിന്റെ ഗോളിന്റെ മികവില്‍ ലിവര്‍പൂള്‍ ല്യൂട്ടണ്‍ ടൗണുമായി 1-1 സ്‌കോറില്‍ സമനിലയില്‍ പിരിഞ്ഞു.

Top