ഗോവ രാഷ്ട്രീയ പ്രതിസന്ധി ; ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി : ലോക്സഭയില്‍ ഗോവ രാഷ്ട്രീയ പ്രതിസന്ധി അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കര്‍ണാടകയ്ക്ക് പിന്നാലെ ഗോവയിലും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി പത്ത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതാണ് ഗോവയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കിയത്.

ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറുടെ നേതൃത്വത്തില്‍ ഗോവ നിയമസഭയിലെത്തിയ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും സ്പീക്കറെ അറിയിച്ചത്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള കത്തും അവര്‍ സ്പീക്കര്‍ക്ക് കൈമാറിയിരുന്നു.

കോണ്‍ഗ്രസിന് ഗോവ നിയമസഭയില്‍ 15 എംഎല്‍എമാരാണുള്ളത്. ഇതില്‍ ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടതോടെ കൂറുമാറ്റ നിരോധന നിയമം ഇവര്‍ക്ക് ബാധകമാവില്ലെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പത്ത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത് വിമതകോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ചേരുന്നതോടെ ബിജെപിയുടെ അംഗസംഖ്യ 27-ആവും.

Top