Goa, Manohar parikkar government’s confidence vote today

ഗോവ: ഗോവയില്‍ മനോഹര്‍ പരിക്കര്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. രാവിലെ 11 മണിക്ക് നടക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് വിശ്വാസവോട്ട് നടക്കുക. ഇന്നലെയാണ് പരിക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

സത്യപ്രതിജ്ഞ കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് മനോഹര്‍ പരിക്കറിനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പ് നിയന്ത്രിക്കേണ്ട പ്രോടെം സ്പീക്കറായി ബിജെപി എംഎല്‍എ സിദ്ധാര്‍ത്ഥ് കുന്‍കാലെയ്ങ്കറ ഇന്നലെ ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.

13 എംഎല്‍എമാരുള്ള ബിജെപിക്ക് ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എന്നിവരുടെ മൂന്ന് വീതം അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്. 17 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. മൂന്ന് അംഗങ്ങളുടെ പിന്തുണ ആര്‍ജ്ജിച്ചാല്‍ വിശ്വാസവോട്ടെടുപ്പില്‍ പരിക്കര്‍ സര്‍ക്കാരിനെ കോണ്‍ഗ്രസിന് പരാജയപ്പെടുത്താം.

Top