ഇന്ത്യയിലെ ആദ്യ ബയോ ഫ്യുവല്‍ ബസ് ഗോവ സര്‍ക്കാര്‍ പുറത്തിറക്കി

പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി അധികം ആയുസ്സില്ലായെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് മുന്‍നിര നിര്‍മാതാക്കളെല്ലാം ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ആരംഭിച്ചു കഴിഞ്ഞു.

ചെറുവാഹനങ്ങള്‍ മാത്രമല്ല ബസുകളിലും ബദല്‍ മാര്‍ഗം വ്യാപകമായി പരീക്ഷിക്കുന്നുണ്ട് ഇവര്‍. ഇക്കൂട്ടത്തിലെ പുതിയ അംഗമാണ് ബയോഫ്യുവല്‍ ബസ്.

ഇത്തരത്തില്‍ പുറത്തിറങ്ങുന്ന രാജ്യത്തെ ആദ്യ ബയോഫ്യുവല്‍ ബസ് ഗോവ സര്‍ക്കാര്‍ പുറത്തിറക്കി. വര്‍ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം തടയിടുന്നതിനായ 2018 ഫെബ്രുവരിയോടെ 40 ബയോഫ്യുവല്‍ ബസ് സര്‍വ്വീസ് ആരംഭിക്കാനാണ് ഗോവ സര്‍ക്കാറിന്റെ പദ്ധതി. 36 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന സ്‌കാനിയ ബസാണ് ബയോഫ്യുവല്‍ ഇന്ധത്തില്‍ പുറത്തിറക്കിയത്.

ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ ആണ് ആദ്യ ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതിനൊപ്പം എതനോള്‍ കരുത്തില്‍ ഓടുന്ന രണ്ട് ബസുകളും അവതരിപ്പിച്ചിട്ടുണ്ട്.

ഗോവന്‍ സര്‍ക്കാറിന് കീഴിലുള്ള കെടിസിഎല്ലിന്റെ ഭാഗമായി മൂന്നു മാസക്കാലം ഈ ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തും.

സാലിഗോയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന ബയോഫ്യുവല്‍ ഉപയോഗിച്ചാണ് സ്‌കാനിയ ഓട്ടം നടത്തുന്നത്.

Top