ഐഎസ്എല്‍, ആദ്യ വിജയം എഫ്.സി ഗോവയ്‌ക്കൊപ്പം, വിജയം 3-2ന്

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ വിജയം എഫ്.സി ഗോവയ്‌ക്കൊപ്പം.

ചെന്നൈയിന്‍ എഫ്.സിയെ 3-2ന് തോല്‍പ്പിച്ചാണ് ഗോവ ആദ്യ വിജയം നേടിയത്. കേരള- കൊല്‍ക്കത്ത ആദ്യ മത്സരവും, ജംഷ്ഡ്പൂര്‍- നോര്‍ത്ത് ഈസ്റ്റ് മത്സരവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.

ആദ്യ പകുതിയില്‍ തന്നെയാണ് ഗോവയുടെ മൂന്ന് ഗോളുകളും പിറന്നത്. 24-ാം മിനിറ്റില്‍ ഗോവന്‍ താരം കോറോയിലൂടെയാണ് മത്സരത്തിലെയും ടൂര്‍ണമെന്റിലെയും ആദ്യ ഗോള്‍ പിറന്നത്. 28-ം മിനിറ്റില്‍ വോളിയിലൂടെ ഗോള്‍വലയിലെത്തിച്ച് മാനുവല്‍ ലാന്‍സറോട്ട് ബ്രൂണോ ഗോവയുടെ സ്‌കോര്‍ രണ്ടായി ഉയര്‍ത്തി.

അധികം വൈകാതെ തന്നെ ഗോവയുടെ മൂന്നാം ഗോളും പിറന്നു. 37-ാം മിനിറ്റില്‍ മണ്ടാറിലൂടെയായിരുന്നു ഗോവയുടെ മൂന്നാം ഗോള്‍. ആദ്യ പകുതി അവസാനിക്കുമ്പോള്‍ മൂന്ന് ഗോളിന്റെ വ്യക്തമായ ലീഡുമായി വിജയപ്രതീക്ഷയിലായിരുന്നു ഗോവ.

എന്നാല്‍ പെട്ടെന്ന് തോറ്റു കൊടുക്കാന്‍ ചെന്നൈയിന്‍ തയാറായിരുന്നില്ല. രണ്ടാം പകുതിയില്‍ മികച്ച പ്രകടനമാണ് ആതിഥേയര്‍ കാഴ്ച വച്ചത്. 70ആം മിനിറ്റില്‍ ഇനിഗോ കാല്‍ഡറോണിലൂടെ ചെന്നൈയിന്‍ ആദ്യമായി ഗോവന്‍ ഗോള്‍വല ചലിപ്പിച്ചു. സമനിലയ്ക്കായി പൊരുതിക്കളിച്ച ചെന്നൈ പെനാല്‍റ്റിയിലൂടെയാണ് രണ്ടാം ഗോള്‍ നേടിയത്.

റാഫേല്‍ ആഗസ്റ്റോയുടെ വകയായിരുന്നു ചെന്നെയുടെ രണ്ടാം ഗോള്‍. സമനില ഗോളിനായി ചെന്നൈ നിരന്തരം ഗോവന്‍ ഗോള്‍മുഖത്ത് എത്തിയെങ്കിലും വിജയം കണ്ടില്ല. കളിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 3-2ന് ഗോവ വിജയം ഉറപ്പിച്ചിരുന്നു.

Top