ഗോവ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ കൊണ്ട് സത്യപ്രതിജ്ഞയെടുപ്പിച്ച് ആം ആദ്മിയും

പനാജി: പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച് ആം ആദ്മി. ഗോവയിലെ ആം ആദ്മി പാര്‍ട്ടിയുടെ 40 സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയോട് വിശ്വസ്തരായിരിക്കുമെന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലത്തില്‍ ഒപ്പുവച്ചു. തങ്ങളുടെ എല്ലാ സ്ഥാനാര്‍ത്ഥികളും സത്യസന്ധരാണ്, എന്നാല്‍ ഈ സ്ഥാനാര്‍ത്ഥികള്‍ സത്യസന്ധരാണെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കാന്‍ ഈ സത്യവാങ്മൂലം ആവശ്യമാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കെജ്രിവാള്‍ ഗോവയിലെത്തിയിട്ടുണ്ട്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ആം ആദ്മി ഗോവയിലെത്തുന്നത്. 2017ലും പാര്‍ട്ടി സംസ്ഥാനത്ത് മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായിരുന്നില്ല. സൗജന്യ വൈദ്യുതി, ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കല്‍, എല്ലാവര്‍ക്കും തൊഴില്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 13 ഇന അജണ്ടയില്‍ ഗോവയില്‍ ആം ആദ്മി വാഗ്ദാനം ചെയ്തിട്ടുണ്ട്. അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ അമിത് പലേക്കറാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി മുഖം. നേരത്തെ കോണ്‍ഗ്രസും സമാനമായ സത്യപ്രതിജ്ഞ നടത്തിയിരുന്നു.

 

Top