പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രമേയം പാസ്സാക്കി ഗോവ

പനജി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നിയമസഭ പ്രമേയം പാസ്സാക്കി ഗോവ.നിയമത്തെ അനുകൂലിച്ച് പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് ഗോവ. നിയമത്തെക്കുറിച്ച് പ്രതിപക്ഷവും കോണ്‍ഗ്രസും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് സഭയില്‍ പറഞ്ഞു.

പ്രമേയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.നാല്‍പ്പത് അംഗങ്ങളുള്ള സഭയില്‍ ബിജെപിക്ക് സ്പീക്കറുള്‍പ്പെടെ 27 സീറ്റാണുള്ളത്. രണ്ടു സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണയ്ക്കുന്നു. ബിജെപിയെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എ ഇന്ന് സഭയില്‍ ഹാജരായിരുന്നില്ല.

അതേസമയം പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ പ്രമേയം പാസ്സാക്കിയിരുന്നു.പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം കേരള നിയമസഭയാണ് പ്രമേയം പാസാക്കിയത്. നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടിരുന്നു.കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. തുടര്‍ന്നാണ് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് നിയമസഭയും രാജസ്ഥാനും പ്രമേയം പാസാക്കിയിരുന്നു. അതിന് പിന്നാലെ ജനുവരി 27-ാം തീയതിയാണ് പശ്ചിമ ബംഗാള്‍ പ്രമേയം പാസാക്കിയത്.

Top