ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്; വമ്പന്‍ വാഗ്ദാനങ്ങളുമായി കെജ്രിവാള്‍

പനാജി: അടുത്ത വര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവ പിടിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. 3000 രൂപ തൊഴില്‍രഹിത വേതനം (ചിലര്‍ക്ക് 5000 വരെയാകും), സ്വകാര്യ മേഖലയിലെ ജോലികള്‍ക്ക് 80 ശതമാനം പ്രാദേശിക സംവരണം എന്നിവയടക്കം ഏഴിലധികം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. അഴിമതിക്കെതിരെ പോരാടുമെന്നും ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും കെജ്‌രിവാള്‍ ഉത്തരാഖണ്ഡുകാര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.

‘ഗോവ ഒരു മനോഹരമായ സംസ്ഥാനമാണ്. ആളുകള്‍ നല്ലവരാണ്. ദൈവം ഗോവക്ക് എല്ലാം നല്‍കി. പക്ഷേ രാഷ്ട്രീയക്കാരും പാര്‍ട്ടികളും കൊള്ളയടിച്ചു. ഈ കൊള്ള അവസാനിപ്പിക്കേണ്ടതുണ്ട്. വിപുലമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഗോവയുടെ പ്രധാന വരുമാന മാര്‍ഗമായ ടൂറിസത്തെ കോവിഡ് മഹാമാരി അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ തൊഴില്‍ നഷ്ടമായവര്‍ക്ക് തൊഴില്‍രഹിത വേതനം നല്‍കും. അതുപോലെ ഖനന വ്യവസായത്തില്‍ നിയന്ത്രണങ്ങളും വിലക്കുകളും മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 5000 രൂപ നല്‍കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. കുടുംബത്തില്‍ നിന്ന് തൊഴില്‍രഹിതരായ ഒരാള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു. ഇതോടൊപ്പം സ്‌കില്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുമെന്നും ആപ് ഉറപ്പുനല്‍കി.

ഗോവയിലെ പ്രമോദ് സാവന്ത് സര്‍ക്കാര്‍ കുടിവെള്ളം സൗജന്യമായി നല്‍കുന്നതും വാതില്‍പടി സേവനങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഡല്‍ഹിയില്‍ ആപ് നടപ്പാക്കിയിട്ടുണ്ട്. സാവന്ത് ഡല്‍ഹി മോഡല്‍ പകര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഒറിജിനല്‍ ഉള്ളപ്പോള്‍ ഡ്യൂപ്ലക്കേറ്റിന് പിറകേ പോകുന്നേത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത കെജ്‌രിവാള്‍ കര്‍ഷകരുടെ ബില്‍ സര്‍ക്കാര്‍ അടക്കുമെന്നും പറഞ്ഞു.

 

Top