‘ബൂര്‍ഷ്വാസിയുടെ ചെരിപ്പുനക്കുന്നതിനാല്‍……’ ഗോ ബാക്ക് മോദി :മീന കന്ദസ്വാമി

ചെന്നൈ : കേരള തമിഴ്‌നാട് സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘ഗോ ബാക്ക് ഹാഷ് ടാഗ്’ ഉയര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ ക്യാംപെയിന് പിന്തുണ അറിയിച്ച കാരണങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് മീന കന്ദസ്വാമി.

ഗോ ബാക്ക് മോദി എന്ന് പറയാനുള്ള കാരണങ്ങള്‍ ഇവയാണ്‌…സാമ്രാജ്യത്വത്തിന്റെ പാദസേവകനായതിനാല്‍, ബൂര്‍ഷ്വാസിയുടെ ചെരിപ്പുനക്കുന്നതിനാല്‍, ഷാസിസ്റ്റ് ജംഗിള്‍ രാജയുമായി മുന്നോട്ട് പോകുന്നതിനാല്‍, ബ്രാഹ്മിണ്‍- ബനിയ അജണ്ട നടപ്പാക്കുന്നതിനാല്‍, സവര്‍ണ ജാതിക്കാര്‍ക്ക് 10 ശതമാനം നല്‍കുന്നതിനാല്‍, കാവേരി വെള്ളം തമിഴ്‌നാടിന് നിഷേധിച്ചതിനാല്‍, ഏഴ് തമിഴരെ ജയിലിലടച്ചതിനാല്‍, സ്റ്റെര്‍ലൈറ്റ് കൊലപാതകം നടത്തിയതിനാല്‍….മീന കന്ദസ്വാമി ട്വിറ്ററില്‍ കുറിച്ചു.

ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടെ തമിഴ്നാട്ടില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം നടന്നത് ബിജെപിക്ക് ക്ഷീണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രധാനമന്ത്രി പോകുന്ന വഴികളിലെല്ലാം പ്രതിഷേധം നടത്തുമെന്ന് വൈക്കോയുടെ എംഎഡിഎംകെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ പോലീസിന്റെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചു.

കാവേരി ജല തര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകക്ക് അനുകൂലമായ നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.തമിഴ്‌നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് മോദിക്കെതിരെയുള്ള പ്രതിഷേധം പ്രചരിക്കുന്നത്.

Top