‘പോയി ചരിത്രം പഠിക്കൂ’; കങ്കണയെ വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: സ്വാതന്ത്യ സമരത്തെക്കുറിച്ചുളള വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് താരം കങ്കണാ റണാവത്തിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ‘സ്വതന്ത്ര്യ സമരത്തെക്കുറിച്ചുളള കങ്കണയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം വിഢിത്തം നിറഞ്ഞതാണ്. കങ്കണ ചരിത്രം പഠിക്കേണ്ടതുണ്ട്’ എന്നും ശശി തരൂര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വലിയ ധാരണകളില്ലാതെയാണ് കങ്കണ സ്വാതന്ത്ര്യ സമരകാലത്തെ കുറിച്ച് സംസാരിച്ചത്. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതിനാല്‍ അത് ഞാന്‍ ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്ന് കങ്കണ പറയുന്നത് തെറ്റിദ്ധാരണ മൂലമാണ്.

‘എന്നെ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിച്ചോളു, ഞാനാ ശിക്ഷ സ്വീകരിക്കാം’ എന്നത് ഒരു യാചകന്റെ ഭാഷയാണോ എന്നും ശശി തരൂര്‍ ചോദിച്ചു. സ്വാതന്ത്ര്യ സമരമെന്നത് അപാരമായ മനക്കരുത്തിന്റേയും ത്യാഗത്തിന്റേയും മുന്നേറ്റമായിരുന്നു.

ഒരാള്‍ നൂറുകണക്കിന് ലാത്തികള്‍ക്കിടിയിലേക്ക് നിരായുധനായി നടന്നുപോകുന്നത് ചിന്തിച്ചു നോക്കു. ഒരു ലാത്തിച്ചാര്‍ജിനെ തുടര്‍ന്നാണ് ലാലാ ലജ്പത് റായ് കൊല്ലപ്പെട്ടത്. അഹിംസ സമരത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തോക്കുമായി ഒരാളെ കൊല്ലാന്‍ പോയിട്ട് കൊല്ലപ്പെടുന്നതിലും ധീരമാണ് അതെന്നും ശശി തരൂര്‍ പറഞ്ഞു. ഇവരെല്ലാമാണ് നമ്മുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ യാഥാര്‍ഥ നായകര്‍. ജയിലില്‍ ദയക്കു വേണ്ടി യാചിച്ച് ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയ സവര്‍ക്കറെ നിങ്ങള്‍ വീര്‍ എന്ന പദവി നല്‍കി ആദരിക്കുന്നു എന്നും ശശി തരൂര്‍ പരിഹസിച്ചു.

സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. 1947ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യമായത് 2014ലാണെന്നായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം.

Top