രാഹുല്‍ഗാന്ധി സഞ്ചരിച്ച വിമാനം ആകാശത്ത് വട്ടമിട്ടുപറന്നു… ആശങ്കയുടെ നിമിഷങ്ങള്‍…

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സഞ്ചരിച്ച ഗോ എയര്‍ വിമാനം ലാന്‍ഡിങ് വൈകിപ്പിച്ച് ആകാശത്ത് വട്ടമിട്ടുപറന്നു. ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ ഗോ എയര്‍ ജി8-149 വിമാനമാണ് ലാന്‍ഡിങ് വൈകിപ്പിച്ചത്. ഇത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി.

രാഹുല്‍ ഗാന്ധിക്ക് പുറമെ ഗുലാം നബി ആസാദ്, മനോജ് ഝാ, സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങിയവര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ നൂറിലധികം മറ്റു യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഡല്‍ഹിയില്‍ ലാന്‍ഡിങിന് തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റ് പെട്ടെന്ന് ലാന്‍ഡിങ് വൈകുമെന്ന അറിയിപ്പ് നല്‍കിയത്. ഇതോടെ യാത്രക്കാര്‍ അല്പം പരിഭ്രാന്തരായെങ്കിലും തൊട്ടുപിന്നാലെതന്നെ പൈലറ്റ് വിശദമായ വിവരണവും നല്‍കി. റണ്‍വേ ലഭ്യമല്ലാത്തതിനാലാണ് ലാന്‍ഡിങ് വൈകുന്നതെന്നും വിമാനം ആകാശത്തുവട്ടമിട്ടു പറക്കാന്‍ പോകുകയാണെന്നും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ലാന്‍ഡ് ചെയ്യുമെന്നുമായിരുന്നു പൈലറ്റിന്റെ വിശദീകരണം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മറ്റു പ്രശ്നങ്ങളില്ലെന്നും പൈലറ്റ് പറഞ്ഞു. ഇതോടെയാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്.

Top