ധോണി ക്രിക്കറ്റ് കളിക്കാനാണ് ഇംഗ്ലണ്ടില്‍ പോയത് അല്ലാതെ മഹാഭാരത യുദ്ധത്തിനല്ലെന്ന്‌

ലാഹോര്‍: ലോകകപ്പില്‍ സൈനിക ചിഹ്നങ്ങളുള്ള കീപ്പിങ് ഗ്ലൗസ് ധരിച്ച എം.എസ് ധോണിയെ രൂക്ഷമായി വിമര്‍ശിച്ച് പാക്ക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി. ക്രിക്കറ്റ് കളിക്കാനാണ് ധോനി ഇംഗ്ലണ്ടില്‍ പോയതെന്നും അല്ലാതെ മഹാഭാരത യുദ്ധത്തിന് അല്ലെന്നും ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.

റിപ്പബ്ലിക് ടിവിയില്‍ നടന്ന ചര്‍ച്ചയുടെ വീഡിയോ പങ്കുവെച്ചാണ് ഫവാദ് ചൗധരിയുടെ ട്വീറ്റ്. ഇതു എന്തു വിഡ്ഢിത്തമാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ നടക്കുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളിലെ ഒരു വിഭാഗം യുദ്ധക്കൊതിയന്‍മാരാണ്. അവരെ കൂലിപ്പട്ടാളക്കാരായി സിറിയയിലേക്കോ അഫ്ഗാനിസ്താനിലേക്കോ റുവാണ്ടയിലേക്കോ പറഞ്ഞയക്കണമെന്നും ഫവാദ് ട്വീറ്റില്‍ വിമര്‍ശിക്കുന്നു.

ജൂണ്‍ 5ന് നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരത്തിലാണ് ധോണി സൈനിക ചിഹ്നങ്ങളുള്ള കീപ്പിങ് ഗ്ലൗസ് ധരിച്ചത്. പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നമായിരുന്നു ഗ്ലൗസില്‍ ഉണ്ടായിരുന്നത്.പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ ചിഹ്നം പതിച്ച ഗ്ലൗസ് മത്സരത്തില്‍ ഫലുക്വായോയെ സ്റ്റംപ് ചെയ്യുന്ന സമയത്ത് വ്യക്തമായി കാണാന്‍ സാധിച്ചിരുന്നു.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ധോണിയുടെ രാഷ്ട്രത്തോടും സൈന്യത്തോടുമുള്ള സ്നേഹമാണ് ഇതെന്നാണ് ആരാധകര്‍ പറഞ്ഞത്. എന്നാല്‍ ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഐ.സി.സിയുടെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്‌ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഗ്ലൗസ് വിവാദത്തില്‍ ധോണിയെ പിന്തുണച്ച് ബി.സി.സി.ഐ രംഗത്ത് വന്നിരുന്നു.മതം, രാഷ്ട്രീയം, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളല്ല ധോണി ധരിച്ചത്. അതു ഒരു രാജ്യത്തിന്റെ അഭിമാനത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് പറഞ്ഞത്‌.

Top