ആഗോള മികവ് ഇയര്‍ ബുക്ക് 2018;യു.എ.ഇ ഒന്നാമത് ആഗോളാടിസ്ഥാനത്തില്‍ ഏഴാമത്

saudi-arabia

അബുദാബി: സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സാറ്റിയേറ്റ് ഓഫ് മാനേജ്‌മെന്റ്‌ ഡെവലപ്‌മെന്റ്‌ (ഐ.എം.ഡി) പുറത്തിറക്കിയ ‘ആഗോള മികവ് ഇയര്‍ ബുക്ക് 2018’ല്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ യു.എ.ഇ ഒന്നാമതെത്തി. ആഗോളാടിസ്ഥാനത്തില്‍ ഏഴാം സ്ഥാനവും രാജ്യം നേടി. സ്വീഡന്‍, നോര്‍വേ, കാനഡ രാജ്യങ്ങളെ സാമ്പത്തിക മുന്നേറ്റത്തില്‍ മികച്ച പ്രകടനമാണ് യു.എ.ഇയുടേത്.

സര്‍ക്കാര്‍ തീരുമാനങ്ങള്‍, പൊതുസ്വകാര്യ പങ്കാളിത്തം, തൊഴില്‍, അന്താരാഷ്ട്ര പ്രാഗല്‍ഭ്യം തുടങ്ങി വിവിധ സൂചകങ്ങളില്‍ യു.എ.ഇ ആഗോളാടിസ്ഥാനത്തില്‍ ഒന്നാമതായി. വ്യാപാര കാര്യക്ഷമതയില്‍ രണ്ടാം സ്ഥാനവും സാമ്പത്തിക വൈവിധ്യവത്കരണം, നഗര കൈകാര്യകര്‍തൃത്വം എന്നിവയില്‍ മൂന്നാം സ്ഥാനവും ഊര്‍ജ സംവിധാനം, സാങ്കേതികവിദ്യയുടെ വികസനവും ഉപയോഗവും എന്നിവയില്‍ നാലാം സ്ഥാനവും രാജ്യം നേടി.

മേഖലയില്‍ ഒന്നാമതുള്ള യു.എ.ഇ യുടെ പരിചയസമ്പത്ത് ആഗോളാടിസ്ഥാനത്തിലെ ഒന്നാം റാങ്കിലേക്ക് നയിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. ബിസിനസ് സാഹചര്യം, അടിസ്ഥാന സൗകര്യം, പ്രകൃതി വിഭവങ്ങള്‍ എന്നിവയുടെ ശാക്തീകരണം തങ്ങള്‍ തുടരും. പൗരന്മാര്‍ക്കും യു.എ.ഇയിലെ എല്ലാ താമസക്കാര്‍ക്കും മികച്ച ജീവിതം നല്‍കുകയെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആഗോള മികവ് ഇയര്‍ ബുക്ക് 2018’ല്‍ ഒന്നാം സ്ഥാനം അമേരിക്കക്കാണ്. ഹോങ്കോങ്, സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ മറ്റു രാജ്യങ്ങള്‍. മൊത്തം 63 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇക്ക് പുറമെ ഖത്തര്‍, സൗദി അറേബ്യ എന്നീ ജി.സി.സി രാജ്യങ്ങളും പട്ടികയിലുണ്ട്. ഖത്തറിന് 14, സൗദി അറേബ്യക്ക് 39 റാങ്കുകളാണ്. യു.എ.ഇ പത്തില്‍ നിന്ന് ഏഴിലേക്കും ഖത്തര്‍ 17ല്‍ നിന്ന് 13ലേക്കും റാങ്ക് ഉയര്‍ത്തിയപ്പോള്‍ സൗദിയുടെ റാങ്ക് 36ല്‍ നിന്ന് 39ലേക്ക് താഴ്ന്നു. 44 -ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. കഴിഞ്ഞ വര്‍ഷം 45 ആയിരുന്നു

Top