ആഗോള വൈദ്യുതിഗ്രിഡ് വേണമെന്ന് നരേന്ദ്ര മോദി ഗ്ലാസ്‌ഗോയില്‍

ഗ്ലാസ്‌ഗോ: ഒറ്റ സൂര്യന്‍ ലോകത്തിനെല്ലാം ഊര്‍ജ്ജം പകരുന്നത് പോലെ ആഗോളതലത്തില്‍ ഊര്‍ജ വിതരണത്തിന് ഒറ്റ വൈദ്യുതിഗ്രിഡ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലാസ്‌ഗോ കാലാവസ്ഥ ഉച്ചകോടി വേദിയില്‍ പറഞ്ഞു. ഏത് പ്രദേശത്തിന്റെയും സൗരോര്‍ജ പദ്ധതിയുടെ സാധ്യത മനസിലാക്കാന്‍ സൗരോര്‍ജ കാല്‍ക്കുലേറ്റര്‍ ആപ്പ് ഉടന്‍ ഐഎസ്ആര്‍ഒ പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു. ഉപഗ്രഹവിവരം അപഗ്രഥിച്ച് സൗരോര്‍ജ പദ്ധതികളുടെ സാധ്യത വിലയിരുത്താനുള്ള ആപ്പാണിത്. വ്യാവസായിക വിപ്ലവത്തില്‍ മനുഷ്യരാശി തകര്‍ത്ത പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ സൗരോര്‍ജം സഹായിക്കും.

സാങ്കേതികയുഗത്തില്‍, മനുഷ്യരാശി, സൂര്യനുമുമ്പേ ഓടാനുള്ള ശ്രമത്തില്‍, പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്‌തെന്നുംപ്രധാനമന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ, ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് എന്നിവരുമായടക്കം മോദി ചര്‍ച്ച നടത്തി.

 

Top