കോവിഡ് ബാധിതര്‍ 50 ലക്ഷം കടന്നു; മരണം 3,25,218 ആയി; ആശങ്കയോടെ ലോകരാജ്യങ്ങള്‍

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. 29 ദിവസം കൊണ്ടാണ് 25 ലക്ഷം എന്ന കണക്കില്‍ നിന്ന് രോഗ ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നത്. 5,003,182 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 3.25 ലക്ഷത്തിലധികം പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 15 ലക്ഷത്തിന് മുകളിലാണ് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം. അമേരിക്കയില്‍ കോവിഡ് മരണമാകട്ടെ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 93,553 പേരാണ് ഇതുവരെ മരണപ്പെട്ടത്.

ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലും രോഗ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. റഷ്യ, ബ്രസീല്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡിന്റെ ഏറ്റവും പുതിയ ആഘാത കേന്ദ്രമായ ബ്രസീലില്‍ മരണ നിരക്ക് കുതിച്ചുയരുകയാണ്. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ബ്രസീലിന്റെ സ്ഥാനം. ചൊവ്വാഴ്ച മാത്രം ബ്രസീലില്‍ 1179 പേരാണ് മരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന റെക്കോര്‍ഡ് മരണനിരക്കാണിത്.

ബ്രസീലിയന്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സൊണാരൊ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ എതിര്‍ക്കുന്നതിനിടയിലാണ് രാജ്യത്ത് വൈറസ് സംഹാരതാണ്ഡവമാടുന്നത്. ഇതുവരെ പതിനെട്ടായിരത്തോളം പേരാണ് ഇവിടെ മരണപ്പെട്ടത്.

കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ കുടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്ന യൂറോപ്യന്‍ രാജ്യങ്ങളായ പെയിന്‍, ഇറ്റലി രാജ്യങ്ങളില്‍ നിലവില്‍ കൊറോണയുടെ ആഘാതം കുറഞ്ഞിട്ടുണ്ട്.

27,778 പേരുടെ ജീവനെടുത്ത സ്പെയിനില്‍ ആശ്വാസമായി 24 മണിക്കൂറിനിടെ 69 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 162 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ട്.

Top