ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി അറുപതിനായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 23,29,000 പിന്നിട്ടു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ മരണസംഖ്യ 39000 ത്തിലധികമായി വര്‍ധിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 1800 ലധികം പേരാണ് മരിച്ചത്.
സ്പെയ്നില്‍ 637 പേരും ഫ്രാന്‍സില്‍ 642 പേരും ഇറ്റലിയില്‍ 482 പേരും ബ്രിട്ടനില്‍ 888 പേരും മരിച്ചു. അമേരിക്കയിലെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തി നാല്പത്തിനായിരത്തിലേക്ക് അടുക്കുന്നു. എന്നാല്‍, പ്രതിസന്ധി രൂക്ഷമായ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ വ്യക്തമാക്കി.
ന്യൂയോര്‍ക്ക് നഗരത്തിന്റെ ജീവനാഡിയായ അവിടുത്തെ മെട്രോ ട്രെയിനുകള്‍ ഈ കൊവിഡ് കാലത്തും അവശ്യ സര്‍വീസ് ആയി പ്രവര്‍ത്തിച്ച് വരുകയാണ്. രണ്ടായിരത്തിലധികം മെട്രോ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ താത്ക്കാലിക മോര്‍ച്ചറിയായി പ്രവര്‍ത്തിച്ച പള്ളി അടച്ചു. സ്പെയിനില്‍ അടുത്തയാഴ്ച മുതല്‍ കുട്ടികള്‍ക്ക് പുറത്തിറങ്ങാം.