മഹാമാരിയുടെ പിടിയില്‍ 79500 പേരുടെ ജീവന്‍; ആഗോളതലത്തില്‍ രോഗബാധിതര്‍ 13 ലക്ഷത്തിലധികം

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍പ്പെട്ട് ആഗോളതലത്തില്‍ മരണ സംഖ്യ 79500 കടന്നു. പതിമൂന്ന് ലക്ഷത്തി എണ്‍പത്തിയാറായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനം ഇതുവരെയുമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്.

അമേരിക്ക, യുകെ, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് ഇന്ന് കൊവിഡ് അതിന്റെ ഭീകരത ഏറ്റവുധികം പ്രകടമാക്കിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയിലാണ് ഏറ്റവുമധികം മരണം സംഭവിച്ചത്. ആയിരത്തി മുന്നൂറ്റിയമ്പതിലധികം ജീവനുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഇവിടെ നഷ്ടമായത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ പന്ത്രണ്ടായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്. പതിനെണ്ണായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷം പിന്നിടുകയും ചെയ്തു.

യുകെയിലാകട്ടെ ഇന്ന് ഇതുവരെ 786 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ ആറായിരം കടക്കുകയും ചെയ്തിട്ടുണ്ട്. നാലായിരത്തോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ അമ്പത്തയ്യായിരം കടക്കുകയും ചെയ്തു. ഇറ്റലിയില്‍ 604 മരണങ്ങളാണ് 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 17127 ലധികം ജീവനുകളാണ് കൊവിഡ് അപഹരിച്ചത്.

സ്‌പെയിനാണ് ഇന്ന് മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 550 ലധികമാണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മൊത്തം മരണസംഖ്യ 13900 പിന്നിട്ടിട്ടുണ്ട്. ഇന്ന് 3800 ലധികം പേര്‍ക്ക് രോഗബാധയേറ്റെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ബെല്‍ജിയമാണ് കൊവിഡ് ഭീതിയില്‍ വലിയ കെടുതികള്‍ ഏറ്റുവാങ്ങുന്ന മറ്റൊരു രാജ്യം. ഇവിടെ ഇന്ന് മാത്രം 400 ലേറെപേര്‍ക്ക് ജീവന്‍ നഷ്ടമായി. മൊത്തം മരണസംഖ്യ 2000 കടക്കുകയും ചെയ്തു. 22000 ലധികം പേര്‍ക്ക് രാജ്യത്ത് രോഗബാധയേറ്റിട്ടുണ്ട്. നെതര്‍ലാന്‍ഡ്‌സിലും ഇന്ന് 200 ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെയും മരണസംഖ്യ 2000 പിന്നിട്ടു. ഇറാന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ ഇന്ന് നൂറിലേറെ മരണങ്ങള്‍ സംഭവിച്ചപ്പോള്‍ ജര്‍മനിയില്‍ നൂറിനടുത്താണ് 24 മണിക്കൂറിനുള്ളിലെ മരണസംഖ്യ.

Top