ഗിവ്‌സണ്‍ സിങ് കേരള ബ്ലാസ്റ്റേഴ്‌സില്‍; കരാറില്‍ ഒപ്പുവെച്ചു

കൊച്ചി: ഇന്ത്യന്‍ ആരോസിനായി കഴിഞ്ഞ ഐലീഗ് സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവ മിഡ്ഫീല്‍ഡര്‍ ഗിവ്‌സണ്‍ സിങ് മൊയിരംഗ്‌ദെം കേരള ബ്ലാസ്റ്റേഴ്‌സില്‍. മണിപ്പൂരില്‍ നിന്നുള്ള താരം വരുന്ന ഐഎസ്എല്‍ സീസണില്‍ ടീമിന്റെ ഭാഗമാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന കേരളത്തിലെ ക്ലബ്ബില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗിവ്‌സണ്‍ പറഞ്ഞു. പ്രായത്തിനപ്പുറമുള്ള പക്വത കളിക്കളത്തില്‍ പ്രകടിപ്പിക്കുന്ന താരമാണ് ഗിവ്‌സണെന്നും ബ്ലാസ്റ്റേഴ്‌സിനായി അദ്ദേഹത്തിന് വലിയ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനാകുമെന്നും അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പ്രതികരിച്ചു.

ഇന്ത്യന്‍ ആരോസിനു വേണ്ടി 16 തവണ കളത്തിലിറങ്ങിയ ഗിവ്‌സണ്‍ രണ്ടു ഗോളുകള്‍ നേടുകയും രണ്ട് അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തിരുന്നു. 2016ല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗിവ്‌സണ്‍ ഇന്ത്യന്‍ ആരോസില്‍ എത്തും മുമ്പ് മൂന്നു വര്‍ഷം അവിടെയായിരുന്നു.

അണ്ടര്‍-16 ഇന്ത്യന്‍ ദേശീയ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ഗിവ്‌സണ്‍ അംഗമായിരുന്ന ടീം 2018ല്‍ മലേഷ്യയില്‍ നടന്ന എഎഫ്‌സി ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. കൂടാതെ ദേശീയ അണ്ടര്‍-17 ടീമിലും ഗിവ്‌സണ്‍ ഇടം നേടിയിട്ടുണ്ട്. 2019 ജൂണ്‍ നാലിന് റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ അണ്ടര്‍-19 ചാമ്പ്യന്‍ഷിപ്പിലും ഗിവ്‌സണ്‍ കളിച്ചു.

Top