’24 മണിക്കൂര്‍ തരാം’ ! വായു മലിനീകരണത്തില്‍ ഡല്‍ഹിക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൃഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തില്‍ ഡല്‍ഹി സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. മലിനീകരണം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. അന്തരീക്ഷക മലിനീകരണം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വായു പ്രതിസന്ധിയെക്കുറിച്ച് വാദം കേള്‍ക്കുന്നത്. സമയം പാഴാക്കുകയാണെന്നും, മറ്റൊന്നും സംഭവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ കുറ്റപ്പെടുത്തി. ലോക്ക്ഡൗണിന് തയ്യാറാണെന്ന് അറിയിച്ചിട്ട് എന്തു സംഭവിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. കോടതിയില്‍ ആദ്യദിനം മുതല്‍ ഉറപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.

അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണങ്ങളായി കേന്ദ്രം കണക്കാക്കുന്ന വ്യാവസായിക, വാഹന മലിനീകരണത്തിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിനും ഡല്‍ഹിക്കും കോടതി 24 മണിക്കൂര്‍ സമയം നല്‍കി. വായു മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ സ്‌കൂളുകള്‍ തുറന്നതിനെയും കോടതി വിമര്‍ശിച്ചു. വിദ്യാര്‍ത്ഥിയായ ആദിത്യ ദുബേ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.

Top