ഫോൺ നമ്പർ ഉപേക്ഷിക്കുന്നു, ഇനി ടെക്സ്റ്റും കോളുകളും എക്‌സിലൂടെ മാത്രം’; ഇലോണ്‍ മസ്ക്

ഫോൺ നമ്പർ ഉപേക്ഷിക്കുന്നതായി അറിയിച്ച് ശതകോടീശ്വരൻ ഇലോണ്‍ മസ്ക്. ഇനി മുതൽ സന്ദേശങ്ങൾ, ഓഡിയോ, വീഡിയോ കോളുകൾ എന്നിവയ്ക്കായി എക്സ് പ്ലാറ്റ്‌ഫോം മാത്രമേ ഉപയോഗിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ ഫോൺ നമ്പർ ഉപേക്ഷിക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

എക്സ് പ്ലാറ്റ്ഫോമിന്റെ ഓഡിയോ, വീഡിയോ കോളിംഗ് സൗകര്യങ്ങളെ പ്രമോട്ട് ചെയ്യുന്നതിനായുള്ള നീക്കമായിട്ടാണ് മസ്കിന്റെ ഈ നീക്കത്തെ ടെക് ലോകം കാണുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഈ ഫീച്ചറുകൾ ആദ്യം പുറത്തിറക്കിയത്. അന്നുമുതൽ ഈ ഫീച്ചറുകൾ ഉപയോക്താക്കളിലേക്ക് കൂടുതൽ എത്തിക്കുന്നതിന് മസ്‌ക് സജീവമായി ശ്രമിക്കുകയാണ്.

മസ്‌കിൻ്റെ പോസ്റ്റിനോട് നിരവധി ഉപയോക്താക്കൾ എക്‌സിലൂടെ പ്രതികരിച്ചിട്ടുണ്ട്. ‘ഞാൻ ഇനി ടെക്‌സ്‌റ്റ് അയയ്‌ക്കുന്നതിന് എൻ്റെ ഫോൺ ഉപയോഗിക്കുന്നില്ല. ഞാൻ എൻ്റെ ബ്രെയിൻ വേവുകളും ന്യൂറൽ ഫ്ലോങ്ക് ലിങ്കുംമാണ് ഉപയോഗിക്കുന്നത് എന്ന് 2027-ൽ ഇലോൺ പറയും,’ ഒരു ഉപയോക്താവ് കുറിച്ചു. ‘ബാങ്ക് ഇടപാടുകൾക്കായി നിങ്ങൾക്ക് എവിടെ നിന്ന് ഒടിപി ലഭിക്കും,’ എന്നാണ് മറ്റൊരു ഉപയോക്താവിന്റെ സംശയം. അതേസമയം, ഡൗൺലോഡുകളുടെ കാര്യത്തിൽ ആപ്പിളിൻ്റെ ആപ്പ് സ്റ്റോർ ചാർട്ടുകളിൽ എക്സ് ഒന്നാമതെത്തിയിട്ടുണ്ട്.

Top