ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദര്‍ശന മേളയായ ജൈറ്റക്‌സ് ഗ്ലോബല്‍ ദുബായില്‍ സമാപിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജൈറ്റക്സ് ഗ്ലോബല്‍ ദുബായ് വേള്‍ഡ് ട്രെഡ് സെന്ററില്‍ തുടക്കമായത്. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ കമ്പനികളും മേളയില്‍ പങ്കെടുത്തിരുന്നു. അഞ്ച് ദിവസം നീണ്ടു നിന്ന പ്രദര്‍ശന മേള കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ആയിരുന്നു മേളയിലെ ശ്രദ്ധാ കേന്ദ്രം.
ആധുനിക സാങ്കേതിക വിദ്യകളുടെ അനന്ത സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് ജൈറ്റക്സിന്റെ നാല്‍പ്പത്തി മൂന്നാം പതിപ്പ് തുടങ്ങിയത്. 180 രാജ്യങ്ങളുടെ പങ്കാളിത്തം, ആറായിരത്തോളം സ്ഥാപനങ്ങള്‍, ആയിരക്കണക്കിന് ടെക് എക്‌സിക്യുട്ടീവുകള്‍, എന്നിങ്ങനെ കുറേയധികം പ്രത്യേകതള്‍ ഇത്തവണത്തെ ജൈറ്റക്സ് മേളക്ക് ഉണ്ടായിരുന്നു. ഏറ്റവും ന്യൂതനമായ സാങ്കേതിക വിദ്യകള്‍ ഒരു കുടക്കീഴില്‍ അണി നിരന്നപ്പോള്‍ ലോകത്തിന് മുന്നില്‍ തുറക്കപ്പെട്ടത് നിരവധി കണ്ടുപിടിത്തങ്ങളായിരുന്നു.
ജിഡിആര്‍എഫ്എയും, ആര്‍ടിഎയും ഉള്‍പ്പെടെയുളള യുഎഇയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുതിയ സാങ്കേതിക വിദ്യകള്‍ പൊതു ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഡ്രൈവറില്ലാ ട്രക്കുകള്‍, പൊലീസ് പട്രോളിഗ് വാഹനങ്ങള്‍, മുഖം കാണിച്ച് എയര്‍പോര്‍ട്ടുകളിലും പൊതു ഗതാഗത സംവിധാനങ്ങളും യാത്ര ചെയ്യാന്‍ അവസരം ഒരുക്കുന്ന സാങ്കേതിക വിദ്യ ഉള്‍പ്പടെ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമാണ് ജൈറ്റക്‌സ് മേള നല്‍കിയത്. ഇന്ത്യയുടെ പവലിയനും മേളയില്‍ ശ്രദ്ദേയ സാന്നിദ്ധ്യമായിരുന്നു.
ആദ്യ ദിനം മുതല്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ് ജൈറ്റക്സ് വേദിയില്‍ അനുഭവപ്പെട്ടത്. സമ്മേളനങ്ങള്‍, ശില്‍പ്പ ശാലകള്‍ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനം കാണാന്‍ എത്തിയത്.