ഗീതയുടെ സ്ഥാനക്കയറ്റം: നിർണായകമായത് ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ എത്തിച്ച മികവ്

ഹാമാരിയുടെ ദുരിതം തരണം ചെയ്യുന്നതിൽ ഗീത ഗോപിനാഥ് നൽകിയ സംഭാവനകളാണ് ഫസ്റ്റ് ഡപ്യൂട്ടി എംഡി സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റത്തിനു കാരണം. ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് എന്ന പദവിക്കപ്പുറം ലോകത്തിലെ ധനിക രാജ്യങ്ങളിൽ നിന്നു സംഭാവന പിരിച്ച് ആഫ്രിക്ക ഉൾപ്പെടെ ലോകമെങ്ങുമുള്ള ദരിദ്ര രാജ്യങ്ങൾക്ക് വാക്സീൻ വിതരണം ചെയ്യാൻ ഗീത വഹിച്ച പങ്കാണ് പ്രശംസ നേടിയത്. പിരിച്ചെടുത്തത് 4200 കോടി ഡോളറാണ്– 3.15 ലക്ഷം കോടി രൂപ. ഐഎംഎഫിനു പുറമേ ലോകാരോഗ്യ സംഘടനയും ലോക വാണിജ്യ സംഘടനയും ലോകബാങ്കും അംഗങ്ങളായ സമിതിയിൽ ഗീതയായിരുന്നു അധ്യക്ഷ.

ഫസ്റ്റ് ഡപ്യൂട്ടി എംഡി എന്നാലെന്താണ് എന്നു പലർക്കും സംശയമുണ്ട്. ആദ്യത്തെ ഡപ്യൂട്ടി എംഡി എന്നല്ല മറിച്ച് ഐഎംഎഫ് ബൈലോ പ്രകാരം ആ തസ്തികയുടെ പേരു തന്നെ അങ്ങനെയാണ്. ഐഎംഎഫ് എംഡി യൂറോപ്യൻ ആയിരിക്കണം. ഫസ്റ്റ് ഡപ്യൂട്ടി എംഡി (എഫ്ഡി എംഡി) അമേരിക്കൻ പൗരനായിരിക്കണം. ഇവർ രണ്ടു പേരും ചേർന്നായിരിക്കണം പ്രധാന തീരുമാനങ്ങളെല്ലാം. കണ്ണൂർക്കാരായ മലയാളി മാതാപിതാക്കളുടെ മകളായി കൊൽക്കത്തയിലാണു ഗീതയുടെ ജനനം എങ്കിലും ഇപ്പോൾ അമേരിക്കൻ പൗരയാണ്. നിലവിലുള്ള ഐഎംഎഫ് എംഡി ക്രിസ്റ്റലീന ബൾഗേറിയക്കാരിയാണ്. മുൻ എംഡി ക്രിസ്റ്റീൻ ലഗാർദെ ഫ്രഞ്ചുകാരിയും

ഏറ്റവും വെല്ലുവിളി നേരിട്ട മഹാമാരിക്കാലത്ത് ലോകരാഷ്ട്രങ്ങളെ തകർച്ചയിൽ നിന്നു കരകയറ്റുന്നതിൽ വഹിച്ച പങ്കാണ് പുതിയ പദവിയിലേക്ക് ഉയർത്താൻ കാരണമെന്ന് ക്രിസ്റ്റീലീന ജോർജിയേവ പറഞ്ഞു. ‘യഥാസമയം അനുയോജ്യയായ വ്യക്തി’ – ഗീത ഗോപിനാഥിന്റെ നിയമനത്തെക്കുറിച്ച് എംഡി പറഞ്ഞു. പദവിയിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഗീത ഗോപിനാഥ് പ്രതികരിച്ചു. ഇത്രയേറെ നിർണായകമായ കാലം ഐഎംഎഫിന് ഉണ്ടായിട്ടില്ല. ഐഎംഎഫ് അംഗരാജ്യങ്ങളുടെ പ്രതിസന്ധി തരണം ചെയ്യാൻ പ്രതിഭാധനരായ സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുമെന്നവർ വ്യക്തമാക്കി

ഐഎംഎഫ് 3 മാസം കൂടുമ്പോൾ പ്രസിദ്ധീകരിക്കുന്ന ലോകസാമ്പത്തിക വീക്ഷണം എന്ന ഗവേഷണ രേഖയുടെ ചുമതലയും ചീഫ് ഇക്കണോമിസ്റ്റ് ഗീതയ്ക്കായിരുന്നു. ഹാർവഡ് സർവകലാശാല സാമ്പത്തികശാസ്ത്ര പ്രഫസറായിരിക്കെ ഐഎംഎഫിൽ 2018 ഒക്ടോബറിൽ എത്തിയ ഗീത കഴിഞ്ഞ വർഷം ഹാർവഡിലേക്കു മടങ്ങേണ്ടതായിരുന്നു. അവിടെ ഗീതയുടെ തസ്തിക ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ഐഎംഎഫിലെ സേവനം ഒരു വർഷം നീട്ടിയപ്പോൾ ഹാർവഡിലെ തസ്തികയും ഒരു വർഷത്തേക്കു കൂടി ഒഴിച്ചിട്ടു. ഇനി ഗീതയ്ക്ക് ഹാർവഡ് വിടേണ്ടി വരും. കാരണം 5 വർഷത്തേക്കാണ് ഫസ്റ്റ് ഡപ്യൂട്ടി എംഡി നിയമനം.

Top