മഴ ദൈവപ്രീതിക്കായി പെണ്‍കുട്ടികളെ നഗ്‌നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു; ക്രൂരത

ഭോപാല്‍: വരള്‍ച്ച മാറുന്നതിന് മഴ ദൈവങ്ങളെ തൃപ്തിപ്പെടുത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്‌നമായി നടത്തി ഭിക്ഷതേടിച്ചതായി പരാതി. മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ഒരു ആദിവാസി ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ ദേശീയ ബാലാവകാശ കമ്മിഷന്‍ (എന്‍സിപിസിആര്‍) റിപ്പോര്‍ട്ടു തേടി.

പുറത്തുവന്ന വിഡിയോയില്‍, ഏകദേശം അഞ്ച് വയസ്സ് പ്രായമുള്ള ആറു പെണ്‍കുട്ടികള്‍ നഗ്‌നമായി നടക്കുന്നതാണ് ഉള്ളത്. തവളയെ കെട്ടിയിട്ടിരിക്കുന്ന മരത്തടിയും ഇവരുടെ കൈവശമുണ്ട്. ഒരു കൂട്ടം സ്ത്രീകള്‍ ഭക്തിഗാനങ്ങള്‍ ആലപിച്ച് ഘോഷയാത്രയെ പിന്തുടരുന്നതും കാണാം.

ഈ പെണ്‍കുട്ടികള്‍ ഗ്രാമത്തിലെ എല്ലാ വീടുകളും സന്ദര്‍ശിക്കുകയും മാവും പയറും മറ്റു പ്രധാന ഭക്ഷ്യധാന്യങ്ങളും ആവശ്യപ്പെടുകയും ചെയ്തു. ശേഖരിച്ച സാധനങ്ങള്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലെ ‘ഭന്ധാരയ്ക്ക്’ (സമൂഹസദ്യ) സംഭാവന ചെയ്യും. എല്ലാ ഗ്രാമവാസികളും നിര്‍ബന്ധമായും ഇതില്‍ പങ്കെടുക്കണം. മഴ ലഭിക്കുന്നതിനാണ് ഈ ആചാരമെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ആളിനോട് സ്ത്രീകള്‍ പറയുന്നതു വിഡിയോയില്‍ കേള്‍ക്കാം.

അതികഠിനമായ വരള്‍ച്ച നേരിടുന്ന ദാമോ ജില്ലയിലെ ബുന്ദേല്‍ഖണ്ഡ് പ്രദേശത്താണ് ഗ്രാമം.
നഗ്‌നമായി നടത്തിച്ച പെണ്‍കുട്ടികളുടെ കുടുംബങ്ങളുടെ അനുമതിയോടെയാണ് ആചാരമെന്ന് ദാമോ പൊലീസ് മേധാവി ഡി.ആര്‍.തെനിവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പെണ്‍കുട്ടികളെ നഗ്‌നമായി നടക്കാന്‍ നിര്‍ബന്ധിച്ചെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക ഭരണകൂടം ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്.കൃഷ്ണ ചൈതന്യ പറഞ്ഞു. സംഭവത്തില്‍ ഗ്രാമവാസികള്‍ ആരും പരാതി നല്‍കിയിട്ടില്ല. കുടുംബത്തിന്റെ അനുമതിയോടെയാണ് ആചാരമെന്നതിനാല്‍ അവരെ ബോധവല്‍ക്കരിക്കുകയാണ് ഏകമാര്‍ഗമെന്നും കലക്ടര്‍ വ്യക്തമാക്കി.

 

Top