ഡല്‍ഹിയില്‍ പെണ്‍കുട്ടികളെ തടവിലാക്കി പീഡനം; ആശ്രമത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും പാര്‍പ്പിച്ചിരിക്കുന്ന ഡല്‍ഹിയിലെ ആശ്രമത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീകളും കുട്ടികളും തടവറയില്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും, മൃഗസമാനമായ സാഹചര്യത്തിലാണ് പലരും ഇവിടെ ജീവിക്കുന്നതെന്നും കണ്ടെത്തി.

രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക വിശ്വവിദ്യാലയത്തിനെതിരെ അന്വേഷണം നടത്താന്‍ സിബിഐയോട് കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.

വീരേന്ദര്‍ ദേവ ദീക്ഷിത് ആണ് ആശ്രമത്തിന്റെ സ്ഥാപകന്‍.

ആശ്രമത്തിന്റെ മറവില്‍ ലൈംഗിക പീഡനവും, മനുഷ്യത്വ ധ്വംസനവുമാണ് ഇവിടെ നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിക്കു മുമ്പാകെ ബോധിപ്പിച്ചു

ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി സിബിഐയോട് അന്വേഷണത്തിന് ഉത്തരവിട്ടു.

നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും ഇവിടെ ക്രൂരതയ്ക്ക് ഇരകളാകുന്നുണ്ട്.

ചെറിയ കൂടുകളിലാണ് ഇവരില്‍ പലരെയും താമസിപ്പിച്ചിരുന്നത്. 25 വര്‍ഷത്തോളമായി ഇങ്ങനെ ക്രൂരതയ്ക്കിരയായവരും ഈ കൂട്ടത്തിലുണ്ട്.

പെട്ടെന്ന്‌ രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഉരുക്ക് വാതിലുകലാണ് ഓരോ മുറിയ്ക്കുമുള്ളത്.

പ്രാഥമികാന്വേഷണത്തില്‍ ആശ്രമത്തിലെ പല അന്തേവാസികള്‍ക്കു നേരെയും മയക്കുമരുന്ന് പ്രയോഗം നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇതിനു തെളിവായി നൂറുകണക്കിന് സിറിഞ്ചുകളും മരുന്നുകളും നിറച്ച ചാക്കുകള്‍ ആശ്രമത്തിന്റെ പരിസരത്ത് നിന്നും കണ്ടെടുത്തു.

ആശ്രമത്തില്‍ നിന്ന് ആരും പുറത്ത് പോകാതിരിക്കുന്നതിന് മതില്‍ കെട്ടി മുള്‍വേലിയും സ്ഥാപിച്ചിരുന്നു. ആണ്‍കുട്ടികളെയും ഇവിടെ പീഡിപ്പിച്ചിരുന്നതായി സംശയമുണ്ട്.

ആശ്രമത്തില്‍ പരിശോധന നടത്താന്‍ ചൊവ്വാഴ്ച പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആശ്രമത്തിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ അവിടുത്തെ അന്തേവാസികള്‍ കൈയേറ്റം ചെയ്യുകയും ഒരു മണിക്കൂര്‍ തടഞ്ഞുവെക്കുകയും ചെയ്തതായി പരിശോധനയ്ക്കു പോയ സംഘം കോടതിയെ അറിയിച്ചു.

ആശ്രമത്തില്‍ നൂറോളം പെണ്‍കുട്ടികളെ തടവിലാക്കിയിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗം പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും സംഘം കോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്നാണ് കോടതി അന്വേഷണം സി.ബി.ഐ.ക്ക് കൈമാറിയത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിക്കാനും സി.ബി.ഐ. ഡയറക്ടര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ, ആശ്രമത്തില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

Top