കാസര്‍ഗോഡ് അമ്മയോടൊപ്പം നടന്നുപോയ പത്തു വയസുകാരി കാറിടിച്ചു മരിച്ചു

ELIZABETH

കാസര്‍ഗോഡ്: അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന പത്തു വയസുകാരി കാറിടിച്ചു മരിച്ചു. അമ്പലത്തറ മേരി ക്യൂന്‍സ് പബ്ലിക് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച എലിസബത്ത്. ആലക്കോട് തടിക്കടവിലെ കുമ്പളവേലില്‍ ലിജോ ജോസഫ്-ബിന്‍സി ദമ്പതികളുടെ മകളാണ് എലിസബത്ത് പരിക്കേറ്റ ബിന്‍സി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയിലെ അമ്പലത്തറയ്ക്കു സമീപം മൂന്നാംമൈലിലായിരുന്നു അപകടം. അമ്പലത്തറ സ്‌നേഹാലയത്തിലെ ശുശ്രൂഷകരായ ലിജോയും ബിന്‍സിയും കഴിഞ്ഞ രണ്ടുവര്‍ഷമായി സ്‌നേഹാലയത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. മേയ് 13-ന് എലിസബത്തിന്റെ ആദ്യ കര്‍ബാന നടക്കാനിരിക്കെ ആയിരുന്നു അപകടം.

സ്‌നേഹാലയത്തില്‍നിന്നും ബസ് കയറാനായി മൂന്നാംമൈല്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്നു ഇവര്‍. ഈസമയത്താണ് നിയന്ത്രണം വിട്ട കാര്‍ എലിസബത്തിനെയും ബിന്‍സിയെയും ഇടിച്ചത്. കാര്‍ ബിന്‍സിയെ ഇടിച്ചുതെറിപ്പിച്ചപ്പോള്‍ എലിസബത്ത് കാറിനടിയില്‍പ്പെട്ടു. റോഡരികിലെ ക്ഷേത്രഭണ്ഡാരം ഇടിച്ചുതകര്‍ത്താണ് കാര്‍ നിന്നത്.

ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും എലിസബത്തിന്റെ നില ഗുരുതരമായിരുന്നു. തടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരിച്ചത്

Top