പീഡന പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച് പൊലീസുകാരന്‍; പ്രതിഷേധവുമായി പ്രിയങ്ക ഗാന്ധി

കാന്‍പുര്‍: പീഡന പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പോലീസുകാര്‍ അപമാനിച്ച് തിരിച്ചയച്ചു. ഉത്തര്‍പ്രദേശ്,കാണ്‍പൂരിലെ പോലീസ് സ്റ്റേഷനിലാണ് സംഭവം. പെണ്‍കുട്ടിയെ അപമാനിച്ച് പോലീസുകാരന്‍ സംസാരിക്കുന്ന വീഡിയോ വൈറലായതോടെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കാണ്‍പൂരിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കാന്‍ വിസമ്മതിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ താര്‍ ബാബു പെണ്‍കുട്ടിയോട് അപമര്യാദയായി സംസാരിക്കുകയായിരുന്നു.

എന്തിനാണ് നിങ്ങള്‍ മോതിരം ധരിക്കുന്നത് മോതിരത്തിനൊപ്പം ഈ നെക്ലേസും ധരിക്കുന്നതെന്തിനാണ് എന്തുകൊണ്ടാണ് ഇത്രയധികം ‘ഇനങ്ങള്‍’ ധരിക്കുന്നത് നിങ്ങള്‍ പഠിക്കുന്നില്ല. ഇത്രയധികം ആഭരണങ്ങള്‍, നിങ്ങള്‍ എന്തിനാണ് ഇത് ധരിക്കുന്നത് ഇവയുടെ പ്രയോജനം എന്താണ് നിങ്ങളെന്താണെന്ന് ഇവ കാണിച്ചുതരുന്നുണ്ടെന്നും തര്‍ ബാബു പറഞ്ഞു. എന്നാല്‍ താന്‍ നേരിട്ട അനുഭവം പെണ്‍കുട്ടി വിവരിക്കാന്‍ ശ്രമിച്ചതോടെ പോലീസുകാരന്‍ അലറിവിളിച്ച് ഭയപ്പെടുത്തി.

ഇതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടപെട്ടെങ്കിലും അവരെയും പോലീസുകാരന്‍ കുറ്റപ്പെടുത്തി. പോലീസുകാരന്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണ് ഈ സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

ഇതാണ് പരാതി നല്‍കാനെത്തിയ ഒരു പെണ്‍കുട്ടിയോട് അവര്‍ പെരുമാറുന്നരീതിയെന്നും ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്നും ഇതാണ് നിയമം സംരക്ഷിക്കേണ്ടവരുടെ പെരുമാറ്റമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Top