നിര്‍ബന്ധിത കായിക പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണു മരിച്ചു

ചെന്നൈ : നിര്‍ബന്ധിത കായിക പരിശീലനത്തിനിടെ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ മഹിമയാണ് മരിച്ചത്. സംഭവത്തില്‍ കോളേജില്‍ 500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി.

മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു മഹിമ. തിങ്കളാഴ്ച ഉച്ചയ്ക്ക് കായികപരിശീലനത്തിനിറങ്ങാന്‍ കായിക അധ്യാപകന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അനീമിയയും രക്തസമ്മര്‍ദ്ദവുമുള്ളതിനാല്‍ പരിശീലനത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് മഹിമ അധ്യാപകനോട് ആവശ്യപ്പെട്ടു. ഗ്രൗണ്ടിലൂടെ ഓടിയാല്‍ രക്തയോട്ടം വര്‍ധിക്കുമെന്ന് പറഞ്ഞ് അധ്യാപകന്‍ പരിശീലനത്തിന് പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് ആരോപണം.

ഗ്രൗണ്ടില്‍ ഓടി തിരിച്ച് വന്നതിന് ശേഷം ബാസ്‌കറ്റ് ബോള്‍ പ്രാകടീസിന് അയച്ചു. കോര്‍ട്ടിലെത്തിയ മഹിമ കുഴഞ്ഞു വീഴുകയായിരുന്നു. വീണയുടന്‍ കൃത്യമായ സി ആര്‍ പി നല്‍കാനും ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

Top