gignesh-mewani-CPM Programme

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ പോഷക സംഘടനയായ പി.കെ.എസ് (പട്ടികജാതി ക്ഷേമ സമിതി) കണ്ണൂരില്‍ നടത്തുന്ന പരിപാടിയില്‍നിന്ന് ഗുജറാത്തിലെ അഡ്വ. ജിഗ്‌നേഷ് മേവാനി പിന്‍മാറി.

ദളിത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നിലപാടുകളോടുള്ള വിയോജിപ്പാണ് പരിപാടിയില്‍നിന്ന് പിന്‍മാറാന്‍ കാരണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

അംബേദ്കറിന്റെ രാഷ്ട്രീയ നിലപാടുകള്‍ പിന്തുടരുന്ന ആളെന്ന നിലയില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനരീതികളോടും പ്രത്യയശാസ്ത്രത്തോടും തനിക്ക് കടുത്ത എതിര്‍പ്പുണ്ട്. പയ്യന്നൂരിലെ ദളിത് ഓട്ടോ ഡ്രൈവറായ ചിത്രലേഖയുടെ വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടിനെ ശക്തമായി അപലപിക്കുന്നു. ചിത്രലേഖയുടെ സമരത്തില്‍ താന്‍ അവര്‍ക്കൊപ്പമാണെന്നും ജിഗ്‌നേഷ് മേവാനി വ്യക്തമാക്കുന്നു.

പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പി.കെ.എസ് നടത്തുന്ന പരിപാടിയില്‍ താന്‍ പങ്കെടുക്കാമെന്ന് ഏറ്റത്. എന്നാല്‍ പി.കെ.എസ്, സപിഎമ്മിന്റെ പോഷക സംഘടനയാണെന്ന് കേരളത്തിലെ തന്റെ സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പരിപാടിയില്‍നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്.

ജാതിക്കെതിരെ പോരാടുന്ന കേരളത്തിലെ ഏതൊരു സംഘടനയുടെ പരിപാടിയിലും പങ്കെടുക്കാന്‍ താന്‍ തയ്യാറാണെന്നും മേവാനി തന്റെ പ്രസ്താവനയില്‍ പറയുന്നു.

സംഘപരിവാറിന്റെ ദളിത് പീഡനങ്ങള്‍ക്കും അതിക്രമത്തിനുമെതിരെ സെപ്തംബര്‍ 21ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് പി.കെ.എസ് സ്വാഭിമാന സംഗമം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ഗുജറാത്തിലെ ഉനയില്‍ ദളിത് മര്‍ദ്ദനത്തെ തുടര്‍ന്ന് ശക്തിപ്രാപിച്ച ദളിത് സമരങ്ങള്‍ക്ക് സംഘടിത രൂപം നല്‍കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച ആളാണ് ജിഗ്‌നേഷ് മേവാനി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടിയ ഗുജറാത്തില്‍നിന്നുള്ള അശോക് മോച്ചിയാണ് പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റൊരാള്‍

Top