നിയമം ലംഘിക്കുന്നവരുടെ ചിത്രങ്ങള്‍ അയയ്ക്കന്നവര്‍ക്കു സമ്മാനം; കേന്ദ്ര മന്ത്രി

നിയമങ്ങള്‍ ലംഘിച്ചു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവരുടെ ചിത്രങ്ങള്‍ അയയ്ക്കുന്നവര്‍ക്കു സമ്മാനം നല്‍കുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഢ്കരി.

നിയമം ലംഘിക്കുന്നവരില്‍നിന്നു ഈടാക്കുന്ന 500 രൂപ പിഴയില്‍നിന്നു 10% ചിത്രങ്ങള്‍ അയച്ചു കൊടുക്കുന്നവര്‍ക്കു നല്‍കുമെന്നാണു മന്ത്രിയുടെ വാഗ്ദാനം.

ഗതാഗത നിയമം ലംഘിക്കുന്ന രീതിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിനോ ഗതാഗത വകുപ്പിനോ അയയ്ക്കാനാണു മന്ത്രിയുടെ നിര്‍ദേശം.

പാര്‍ക്കിങ്ങിനുള്ള സ്ഥലസൗകര്യം കുറഞ്ഞതോടെ പലരും റോഡിനെയാണു പാര്‍ക്കിങ്ങിനായി തിരഞ്ഞെടുക്കുന്നത്. ഇതു അനുവദിക്കാനാവില്ലെന്നും വലിയ സ്ഥാപനങ്ങള്‍ സ്വന്തമായി പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വന്തം മന്ത്രാലയത്തിനു പുറത്ത് വാഹനം പാര്‍ക്കു ചെയ്യുന്നതിനായി സൗകര്യമില്ലാത്തതുമൂലം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാനപതിമാരും വിശിഷ്ട വ്യക്തികളും റോഡില്‍ തടസ്സം സൃഷ്ടിച്ചും നിയമം ലംഘിച്ചും സമീപത്തെ റോഡരുകില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണു ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്താന്‍ 13 കേന്ദ്രങ്ങളില്‍ നിന്നുള്ള അനുമതി ആവശ്യമാണെന്നും മാസങ്ങളോളം നീണ്ട ശ്രമങ്ങളുടെ ഫലമായാണ് ആദ്യ പാര്‍ക്കിങ്ങ് സൗകര്യം നിര്‍മിക്കാനായതെന്നും അന്നത്തെ നഗരവികസന മന്ത്രി വെങ്കയ്യ നായിഡു സഹായച്ചതുകൊണ്ടാണു തടസ്സങ്ങള്‍ നീങ്ങിയതെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു.

ഓട്ടമേറ്റഡ് പാര്‍ക്കിങ്ങ് സൗകര്യം നടപ്പാക്കാനുള്ള അനുമതി ലഭിക്കാന്‍ ഒന്‍പതു മാസമെടുത്തു എന്നതു വളരെ നാണക്കേടാണെന്നു 2016 മേയില്‍ പുതിയ സംവിധാനത്തിനു ശിലാസ്ഥാപനം നടത്തിയ വേളയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.

സ്വന്തം മന്ത്രാലയത്തിനു മുന്‍പില്‍ പാര്‍ക്കിങ്ങ് സൗകര്യം ഇല്ലാത്തതിനാല്‍ ലജ്ജിക്കുന്നുവെന്നും എങ്കിലും പുതിയ മോട്ടോര്‍ വാഹന നിയമത്തില്‍ നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന സൂചനയും മന്ത്രി നല്‍കി.

Top