ഗിഫ്റ്റ് സിറ്റി പദ്ധതി; സ്ഥലം ഒഴിയണമെന്ന ഉദ്യോഗസ്ഥ നിര്‍ദ്ദേശം അനുസരിച്ച സംരംഭകര്‍ കടക്കെണിയില്‍

കൊച്ചി: ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് ഉടന്‍ സ്ഥലം ഒഴിയണമെന്ന ഉദ്യോഗസ്ഥ നിര്‍ദ്ദേശം അനുസരിച്ച സംരംഭകര്‍ കടക്കെണിയില്‍. മികച്ച രീതിയില്‍ നടന്നിരുന്ന സംരംഭങ്ങള്‍ അടച്ച് പൂട്ടേണ്ടി വന്നതോടെ വായ്പ തിരിച്ചടവ് മുടങ്ങി വലിയ ബാധ്യതയിലായിരിക്കുകയാണ് സംരംഭകര്‍. വലിയ തുക നഷ്ടപരിഹാരം കിട്ടുമെന്ന വാഗ്ദാനമല്ല സ്ഥലമേറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കി ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കയറ്റുമതി നിലവാരത്തിലുള്ള റബ്ബര്‍ ഷീറ്റ് ഉത്പാദിപ്പിച്ച സ്ഥാപനത്തിന്റെ ഉടമയായിരുന്നു ഒരു വര്‍ഷം മുന്‍പ് വരെ ചാക്കപ്പന്‍. ദിവസവും 4000ലിറ്റര്‍ വരെ റബ്ബര്‍ പാല്‍ സംസ്‌കരിച്ച് ഷീറ്റാക്കും. 70ലക്ഷം രൂപ മുതല്‍ മുടക്കി തുടങ്ങിയ സ്ഥാപനമാണ്. പ്രദേശവാസികളായിരുന്ന ആറ് പേര്‍ക്ക് തൊഴിലും നല്‍കി.എന്നാല്‍ ഗിഫ്റ്റ് സിറ്റിക്കായി ഉടന്‍ ഒഴിയണമെന്ന് ഉദ്യോഗസ്ഥരെത്തി നിര്‍ദ്ദേശം നല്‍കി. നേരിട്ടുള്ള അന്ത്യശാസനത്തില്‍ വഴങ്ങി. ഒടുവില്‍ സ്ഥാപനം പൂട്ടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞുമ്പോള്‍ ബാധ്യതയില്‍ നട്ടംതിരിയുകയാണ് ചാക്കപ്പനും കുടുംബവും.

പൊലിമ എന്ന ബ്രാന്‍ഡില്‍ എല്ലാ ജില്ലകളിലേക്കും ആട്ട, മൈദ മുതല്‍ പുട്ടു പൊടി വരെ എത്തി, കച്ചവടമൊന്നു പച്ചപ്പിടിച്ചക്കാന്‍ തുടങ്ങിയതാണ്. വിപണിയില്‍ മുന്‍കൂറായി ഉത്പന്നങ്ങളെത്തിക്കുന്നതായിരുന്നു രീതി. ഗിഫ്റ്റി സിറ്റി പദ്ധതിക്ക് ഉടന്‍ ഭൂമി വിട്ട് നല്‍കണമെന്ന നിര്‍ദ്ദേശമെത്തി. ഘട്ടം ഘട്ടമായി ഉത്പാദനം നിര്‍ത്തുകയല്ലാതെ വഴിയില്ലെന്നായി. ഉദ്യോഗസ്ഥരെത്തി അഞ്ച് നിലകളിലായുള്ള കമ്പനി പരിശോധിച്ചു. സര്‍വ്വേയും പൂര്‍ത്തിയാക്കി. നഷ്ടപരിഹാരം വൈകില്ലെന്ന ഉറപ്പില്‍ കമ്പനി മാറ്റി സ്ഥാപിക്കാന്‍ സ്ഥലവും നോക്കി. എന്നാല്‍ കാത്തിരിപ്പ് നീളുന്നതോടെ മാര്‍ട്ടിന്റെ സാമ്പത്തിക നില താറുമാറായി. കമ്പനിയില്‍ ജോലി ചെയ്തവരും നഷ്ടപരിഹാരത്തിന് അര്‍ഹരാണ്. എന്നാല്‍ ഈ കാത്തിരിപ്പില്‍ വലിയ പ്രതിഷേധത്തിലാണിവര്‍.സമാനമായ അവസ്ഥയിലാണ് സംരംഭകനായ മാര്‍ട്ടിനും. പൊടിപിടിച്ച് തുരുമ്പെടുക്കാറായ മെഷീനുകളിലേക്കുള്ള ഓരോ നോട്ടത്തിലും മാര്‍ട്ടിന് ഉള്ള് പൊള്ളും. മൂന്ന് വര്‍ഷം മുന്‍പ് വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിച്ചതാണ്. പ്രദേശത്തെ അമ്പത് പേര്‍ക്ക് തൊഴില്‍ കൊടുത്ത സംരംഭം.

Top