Gianni Infantino elected Fifa president after Zurich election

സൂറിക്ക്: സെപ് ബ്ലാറ്റര്‍ക്കു പിന്‍ഗാമിയായി ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ ജിയാനി ഇന്‍ഫന്റിനോയെ തുണച്ചത് യൂറോപ്പിന്റെയും അമേരിക്കയുടെയും ശക്തമായ പിന്തുണയും ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ ഭിന്നിപ്പും.

സൂറിക്കില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യറൗണ്ടില്‍ ഇന്‍ഫന്റിനോയും മുഖ്യ എതിരാളിയായ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ഖ് സല്‍മാനും ഒപ്പത്തിനൊപ്പമായിരുന്നു. ഇന്‍ഫന്റിനോ 88 വോട്ട് നേടിയപ്പോള്‍ ഷെയ്ഖ് സല്‍മാന്‍ 85 വോട്ട് നേടി.

എന്നാല്‍, മൂന്നാം സ്ഥാനത്തുള്ള ജോര്‍ദാന്‍ രാജകുടുംബാംഗം പ്രിന്‍സ് അലി 27 വോട്ട് നേടിയപ്പോള്‍ത്തന്നെ കാറ്റ് ഇന്‍ഫന്റിനോയ്ക്ക് അനുകൂലമായി വീശുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. മല്‍സരരംഗത്തുണ്ടായിരുന്ന നാലാമന്‍ ജെറോം ഷാപെയ്‌ന് ഏഴു വോട്ട് മാത്രമാണു ലഭിച്ചത്. മറ്റൊരു സ്ഥാനാര്‍ഥി ടോക്യോ സെക്‌സ്‌വെയ്ല്‍ ആദ്യ റൗണ്ട് വോട്ടെടുപ്പിനു മുന്‍പുതന്നെ പിന്‍മാറിയിരുന്നു.

ഷെയ്ഖ് സല്‍മാനും പ്രിന്‍സ് അലിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ഇന്‍ഫന്റിനോയെ തുണച്ചത്. അതുകൊണ്ടുതന്നെ അലിക്കു കിട്ടിയ വോട്ടുകള്‍ ഒന്നു സ്വാധീനിച്ചാല്‍ തങ്ങള്‍ക്കു മറിയുമെന്ന് ഇന്‍ഫന്റിനോ പക്ഷത്തിന് അറിയാമായിരുന്നു. ഇന്ത്യന്‍ വംശജനായ യുഎസ് സോക്കര്‍ പ്രസിഡന്റ് സുനില്‍ ഗുലാത്തിയാണ് അതിനു ചരടുവലിച്ചത്. ഒന്നാംഘട്ട വോട്ടിങ്ങിനുശേഷം ഗുലാത്തി പ്രിന്‍സ് അലിയുടെ ദീര്‍ഘസംഭാഷണത്തിലേര്‍പ്പെടുന്നതു കാണാമായിരുന്നു. ഇടയ്ക്ക് അവര്‍ വോട്ടെടുപ്പു നടക്കുന്ന ഫ്‌ലോറില്‍നിന്നുതന്നെ അപ്രത്യക്ഷരായി. ”പ്രിന്‍സ് അലിയുമായി സംസാരിച്ചതിനുശേഷം അദ്ദേഹത്തെ പിന്തുണച്ചവരുമായി സംസാരിക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു.” ഗുലാത്തി പറഞ്ഞു. ആദ്യ റൗണ്ടില്‍ യുഎസ് പിന്തുണച്ചത് അലിയെയായിരുന്നെന്നും, എന്നാല്‍ ആവശ്യം വന്നാല്‍ പിന്തുണ നല്‍കുമെന്ന് ഇന്‍ഫന്റിനോയ്ക്ക് ഉറപ്പ് നല്‍കിയിരുന്നെന്നും ഗുലാത്തി വെളിപ്പെടുത്തി.

ഗുലാത്തിയുടെ ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ സമീര്‍ ഗാന്ധിയും ഇന്‍ഫന്റിനോയ്‌ക്കൊപ്പം ചെന്ന് അസോസിയേഷനുകളെ സ്വാധീനിക്കുന്നതില്‍ പങ്കുവഹിച്ചു. ഏഷ്യയും ആഫ്രിക്കയും ഷെയ്ഖ് സല്‍മാനും യൂറോപ്പ് ഇന്‍ഫന്റിനോയ്ക്കും അനുകൂലമായി നേരത്തേതന്നെ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നതിനാല്‍ 25 വോട്ടുകളുള്ള കരീബിയന്‍ മേഖലയുടെ പിന്തുണ നിര്‍ണായകമായിരുന്നു. ഇതു ഷെയ്ഖ് സല്‍മാന് അനുകൂലമായേക്കും എന്ന നിഗമനത്തിലാണ് അദ്ദേഹത്തിനു വോട്ടെടുപ്പിനു മുന്‍പു കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടത്. എന്നാല്‍, ആദ്യ റൗണ്ടില്‍ത്തന്നെ ഇതു വിഭജിച്ചുപോയി. ഷെയ്ഖ് സല്‍മാന്‍ പക്ഷം പ്രതീക്ഷിക്കാത്തതായി അത്. ”ഞാന്‍ ഞെട്ടിപ്പോയി. എന്താണിവിടെ സംഭവിക്കുന്നത്?” ഒന്നാംഘട്ട വോട്ടെടുപ്പിനുശേഷം സല്‍മാനുവേണ്ടി പ്രവര്‍ത്തിച്ച ഒരു കരീബിയന്‍ ഒഫിഷ്യല്‍ പറഞ്ഞു.

ക്യൂബയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കും ഉള്‍പ്പെടെയുള്ളവര്‍ രണ്ടാം റൗണ്ടില്‍ ഇന്‍ഫന്റിനോയ്ക്ക് അനുകൂലമായി വോട്ടുചെയ്തു എന്നാണു സൂചന. ഷെയ്ഖ് സല്‍മാന്‍ ഉറപ്പിച്ചിരുന്ന ആഫ്രിക്കന്‍ കോണ്‍ഫെഡറേഷനിലും വിള്ളല്‍ വീണു. രണ്ടാം റൗണ്ടില്‍ കെനിയ ഇന്‍ഫന്റിനോയ്ക്ക് അനുകൂലമായി വോട്ടുചെയ്‌തെന്ന് പ്രതിനിധി നിക്ക് മൊവണ്ട പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഷെയ്ഖ് സല്‍മാനെക്കാളും പ്രിന്‍സ് അലിയെയാണു പിന്തുണയ്ക്കുന്നതെന്ന ലൈബീരിയന്‍ പ്രതിനിധി മൂസ ബിലിറ്റിയുടെ പ്രവചനം അങ്ങനെ ശരിയെന്നു തെളിഞ്ഞു. ഇതോടൊപ്പം സ്വന്തം ഫെഡറേഷനില്‍നിന്നുതന്നെ ഷെയ്ഖ് സല്‍മാന്റെ വോട്ടുകള്‍ പ്രിന്‍സ് അലി ചോര്‍ത്തുകയും പിന്നീടു ഗുലാത്തിയുടെ ലോബിയിങ്ങും കൂടിയായതോടെ ഫിഫയുടെ സിംഹാസനത്തിലേക്കു വീണ്ടും യൂറോപ്പുകാരന്‍.

Top