കലാപക്കൊടി ഉയര്‍ത്തി ജി 23; ഗുലാംനബി ആസാദ് സോണിയാഗാന്ധിയുടെ വസതിയിലെത്തി

ന്യൂഡല്‍ഹി: ഗുലാംനബി ആസാദ് സോണിയാഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തി. ഉറച്ച നേതൃത്വവും പാര്‍ട്ടിയില്‍ അത്യാവശ്യമായ മാറ്റങ്ങളും വേണമെന്ന് സോണിയാഗാന്ധിയോട് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. രാജ്യം ഹോളി ആഘോഷിക്കുമ്പോഴായിരുന്നു സോണിയാഗാന്ധിയുടെ വസതിയിലെ നിര്‍ണായക ചര്‍ച്ച.

നേതൃത്വത്തെ ചോദ്യം ചെയ്യുന്നില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കായി സഖ്യ ചര്‍ച്ചകള്‍ നടത്തണം ഇതായിരുന്നു സോണിയാഗാന്ധിയുമായി നടത്തിയ ഒരു മണിക്കൂറിലധികം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഗുലാംനബി ആസാദിന്റെ വാക്കുകള്‍

അതേസമയം ജി 23 നേതാക്കളുടെ നിലപാട് ശക്തമായി ഗുലാംനബി സോണിയാഗാന്ധിയെ അറിയിച്ചു. നേതൃത്വത്തിന്റെ സമീപനം മാറണം. തീരുമാനങ്ങള്‍ കൂട്ടായി എടുക്കണം.

സംഘടനാ ചുമതലുള്ള ജന.സെക്രട്ടറി കെ.സി.വേണുഗോപാലിനെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ഗുലാംനബി ആസാദ് ഉന്നയിച്ചതായി സൂചനയുണ്ട്. ബുധനാഴ്ചത്തെ ജി 23 യോഗത്തിന് മുമ്പ് ഗുലാംനബി ആസാദിനെ സോണിയ ടെലിഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു.

ഇന്നലെ പലതവണ ആസാദിന്റെ വസതിയില്‍ ജി 23ലുള്ള നേതാക്കളെത്തി ചര്‍ച്ചകള്‍ നടത്തി. അതിനെല്ലാം ശേഷമായിരുന്നു ഹോളി ദിനത്തില്‍ ഗുലാംനബി ആസാദ് പത്ത് ജന്‍പഥില്‍ എത്തിയത്. കപില്‍ സിബലിന് പിന്നാലെ ഇന്ന് മനീഷ് തിവാരിയും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുപോകുന്നത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണെന്നായിരുന്നു മനീഷ് തിവാരിയുടെ വിമര്‍ശനം. കപില്‍ സിബലിനും മനീഷ് തിവാരിക്കും എതിരെ നടപടി വേണമെന്ന് നെഹ്‌റു കുടുംബത്തെ അനുകൂലിക്കുന്ന നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും തല്ക്കാലം അത്തരം നീക്കങ്ങളിലേക്ക് നേതൃത്വം പോകില്ല എന്നാണ് സൂചന.

Top