സോണിയയെ ക്ഷണിക്കാത്ത വിരുന്നിലേക്ക് ഗുലാംനബി ആസാദുമില്ല

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുവേണ്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നില്‍ സോണിയ ഗാന്ധിയെ ക്ഷണിക്കാത്തതിനാല്‍ ക്ഷണം നിരസിച്ച് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാഗാന്ധിയെ ക്ഷണിക്കാത്ത അത്താഴ വിരുന്നില്‍ ഗുലാം നബി പങ്കെടുക്കുന്നത് ഉചിതമാവില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും രാഷ്ട്രപതിയുടെ ക്ഷണം നേരത്തെതന്നെ നിരസിച്ചിരുന്നു.

ലോക് സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ളവരെയാണ് രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നകാര്യം ട്രംപിന്റെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ട്രംപിന്റെ രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടികളിലേക്കൊന്നും കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Top