സഖ്യ ചര്‍ച്ചകള്‍ തുടങ്ങാന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായി ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: സഖ്യ ചര്‍ച്ചകള്‍ തുടങ്ങാന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യില്ല. പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് ഗുലാം നബി ആസാദ് കൂടി ഉള്‍പ്പെട്ട ഗ്രൂപ്പ് 23ന്റെ വിമര്‍ശനം. തുടര്‍ച്ചയായ മൂന്നാം ദിവസവും ഗ്രൂപ്പ് 23 നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച തുടരുകയാണ്.

കഴിഞ്ഞ ദിവസം നടന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുമായി പങ്കുവച്ചിരുന്നു. ഗ്രൂപ്പ് 23 മുന്‍പോട്ട് വച്ച ആവശ്യങ്ങളില്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ചക്ക് തയ്യാറായിട്ടുണ്ട്. പോരാട്ടം സോണിയ ഗാന്ധിക്കെതിരല്ലെന്നും നവീകരണത്തിനായി നേതൃമാറ്റം വേണമെന്നുമാണ് ഗ്രൂപ്പ് 23 ന്റെ ആവശ്യം.

പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ്പ് 23 യുടെ നിലപാട്. പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും ഉയര്‍ന്നത്.

Top