ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നു; വിരമിക്കാനൊരുങ്ങി ഗുലാംനബി ആസാദ്‌

ഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സമൂഹിക സേവനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രയാസകരമായ ഘട്ടത്തില്‍ പൊതുസമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്. ‘സമൂഹത്തില്‍ നമുക്കൊരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഞാന്‍ വിരമിച്ച് സാമൂഹിക സേവനത്തില്‍ മുഴുകാന്‍ പോകുന്നതായി കേട്ടാല്‍ അത് വലിയ സംഭവമായി നിങ്ങള്‍ക്ക് തോന്നണമെന്നില്ല’ ആസാദ് പറഞ്ഞു.

ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നുവെന്നും ചിലപ്പോള്‍ നമ്മള്‍ മനുഷ്യരാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുകയുണ്ടായി.

മനുഷ്യന്റെ ശരാശരി ആയുസ്സ് ഇപ്പോള്‍ 80-85 വര്‍ഷമാണെന്ന് പറഞ്ഞ ആസാദ്, വിരമിക്കലിന് ശേഷമുള്ള 20-25 വര്‍ഷത്തെ നീണ്ട കാലയളവ് രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന ചെയ്യാന്‍ വ്യക്തികള്‍ ഉപയോഗിക്കുന്നത് കാര്യബോധ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ഓരോരുത്തരും ഒരു നഗരത്തേയോ പ്രദേശത്തേയോ നവീകരിച്ചാല്‍ രാജ്യം മൊത്തം നവീകരിക്കപ്പെടുമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

 

Top