ആയോധനാ അഭ്യസരുമായി ചൈന, ഘാതക് കമാന്‍ഡോകളെ ഇറക്കി ഇന്ത്യ

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വിന്യസിച്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സൈനികരെയും ഓഫീസര്‍മാരെയും ആയോധനകല അഭ്യസിപ്പിക്കാനൊരുങ്ങി ചൈന.

ഇതിനായി ഇരുപതോളം പരിശീലകരെ ടിബറ്റന്‍ സൈനിക താവളത്തിലെത്തിച്ചതായാണ് വിവരം. ഇതിനെ മറികടക്കാന്‍ പ്രത്യേക പരിശീലനം നേടിയ ‘ഘാതക് കമാന്‍ഡോ’കളെ ഇന്ത്യ ഗല്‍വാന്‍ മേഖലയില്‍ കൂടുതലായി വിന്യസിച്ചു.

കര്‍ണാടകത്തിലെ ബെലഗാവിയില്‍ ആറാഴ്ച പ്രത്യേക പരിശീലനം നേടിയവരാണ് ‘ഘാതക്’ കമാന്‍ഡോകള്‍. കൊലയാളികളെന്നും മരണകാരികളെന്നും അറിയപ്പെടുന്ന ഇവര്‍ക്ക് 35 കിലോഗ്രാം വരെ ഭാരം ചുമന്ന് 40 കിലോമീറ്റര്‍ ദൂരം നിര്‍ത്താതെ ഓടാനുള്‍പ്പെടെയുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.

ബിഹാര്‍, ഡോഗ്ര റജിമെന്റുകളില്‍ നിന്നുള്ളവര്‍ ഘാതക് കമാന്‍ഡോകളിലുണ്ട്. ആയുധങ്ങളുപയോഗിച്ചുള്ള യുദ്ധമുറകള്‍ക്കൊപ്പം ഇവര്‍ക്ക് കായികപോരാട്ടത്തിലും പരിശീലനം നല്‍കും. ഹെലികോപ്റ്റര്‍ ആക്രമണം, മലനിരകളിലെ യുദ്ധം, പാറക്കെട്ടുകളിലൂടെയുള്ള കയറ്റം, അടുത്തുനിന്നുള്ള വെടിവെപ്പ് എന്നിവയില്‍ വിദഗ്ധരാണ്.

ഒരു ഘാതക് പ്ലാറ്റൂണില്‍ 20 പോരാളികളാണുണ്ടാവുക. ക്യാപ്റ്റന്‍, രണ്ട് നോണ്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍, ഗണ്ണേഴ്‌സ് എന്നിവരും ആക്രമണസൈനികരുമടങ്ങുന്നതാണിവര്‍. പുറത്തുതൂക്കുന്ന ബാഗില്‍ കയറും പാറക്കെട്ടുകള്‍ കയറാനും രാത്രികാഴ്ചയ്ക്കുമുള്ള ഉപകരണങ്ങളും റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡും അടക്കമുള്ളവയുമായാണ് ഇവരുടെ സഞ്ചാരം.

Top