തളിപ്പറമ്പിലെ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

bjp_aciveman

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനായ പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി.ദിനേശനാണ് പിടിയിലായത്.

ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. അതേസമയം ഇയാള്‍ മനോരോഗത്തിന് ചികിത്സയില്‍ കഴിയുന്നതിന്റെ രേഖകള്‍ ബന്ധുക്കള്‍ പോലീസ് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.

രാവിലെ 8.30 ഓടെയാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിമയിലെ കണ്ണട അടിച്ചുതകര്‍ത്ത അക്രമി കഴുത്തിലിട്ടിരുന്ന മാലയും വലിച്ചുപൊട്ടിച്ചു വലിച്ചെറിഞ്ഞ ശേഷം സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

ആക്രമണത്തിന് ശേഷം ഇയാള്‍ രക്ഷപ്പെട്ട് പോകുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രമായിരുന്നു പ്രതിയെ പെട്ടന്ന് പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

Top