സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചില്ല; കാരണം മനസിലാക്കാനാവുമെന്ന് പാക്കിസ്ഥാന്‍

ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിഞ്ജാ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തതില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍. ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ പ്രചാരണ വേളയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച മോദിക്ക് പെട്ടെന്ന് ആ നിലപാടില്‍ മാറ്റം വരുത്താന്‍ ആകില്ലെന്ന് തങ്ങള്‍ക്കറിയാം അതിനെ തങ്ങളെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് കാര്യമാക്കുന്നില്ലെന്നും പാക്കിസ്ഥാന്‍ പറഞ്ഞു.

‘ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് പാക്കിസ്ഥാനെ ആക്രമിക്കുന്നതില്‍ ആയിരുന്നു നരേന്ദ്ര മോദി ശ്രദ്ധ ചെലുത്തിയിരുന്നത്. അങ്ങനെ സംസാരിച്ച ഒരാള്‍ പെട്ടെന്ന് നിലപാട് മാറ്റില്ല. അങ്ങനെ പ്രതീഷിക്കുന്നതില്‍ യുക്തിയുമില്ല.’ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിക്കുന്നതിലും പ്രധാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി പ്രവര്‍ത്തിക്കുന്നതാണെന്നും കശ്മീര്‍ വിഷയം, സിയാച്ചിന്‍, സിര്‍ ക്രീക്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്നും ഖുറേഷി പറഞ്ഞു.

സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് പാക്കിസ്ഥാന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അത് സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഖുറേഷി വ്യക്തമാക്കി. പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും നരേന്ദ്ര മോദി എത്തുന്നതിനെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചതിനെയും ഖുറേഷി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കൃത്യമായ ആശയവിനിമയമാണ് വേണ്ടത്. സംഭാഷണങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ വഴി കണ്ടെത്തേണ്ടത് ഇന്ത്യയുടേയും ആവശ്യമാണ്. മോദിക്ക് ഇക്കാര്യത്തില്‍ പുരോഗമനം വേണമെന്നുണ്ടെങ്കില്‍ ഒന്നിച്ചിരുന്ന് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top