വാക്‌സിനെടുക്കൂ, കഞ്ചാവടിക്കൂ; വാക്‌സിന്‍ കാംമ്പയിനുമായി വാഷിങ്ടണ്‍

വാഷിങ്ടണ്‍ ഡിസി: ജനങ്ങളെ കോവിഡ് വാക്‌സിനേഷന് പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി വ്യത്യസ്തമായൊരു കാംമ്പയിന്‍ നടത്തുകയാണ് യു.എസിലെ വാഷിങ്ടണ്‍ സംസ്ഥാനം. വാക്‌സിനെടുക്കൂ, കഞ്ചാവടിക്കൂ എന്ന ക്യാപ്ഷനോടെ ഉള്ള കാംമ്പയിനാണിത്. അമേരിക്കയിലെ കൂടുതല്‍ പേരെയും വാക്‌സിന്‍ കേന്ദ്രത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കാംമ്പയിനു തുടക്കം കുറിച്ചിരിക്കുന്നത്.

വാഷിങ്ടണ്‍ ഉള്‍പ്പടെ, അമേരിക്കയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2012 മുതല്‍ കഞ്ചാവ് ഉപഭോഗം നിയമവിധേയമാണ്. വാഷിങ്ടണിലെ 54 ശതമാനം ആളുകളും ഒരു തവണയെങ്കിലും വാക്‌സിന്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവസാന ആഴ്ച്ചകളില്‍ രാജ്യത്തെ വാക്‌സിന്‍ നിരക്കില്‍ ഇടിവ് സംഭവിച്ചതിനാലാണ് പുതിയ പദ്ധതിയുമായി വരാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിച്ചത്.

വാക്‌സിനെടുത്താല്‍ കഞ്ചാവ് നല്‍കുന്ന പദ്ധതി ജൂലൈ 12 വരെയാണ് നടപ്പാക്കുക. അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലോട് കൂടി രാജ്യത്തെ 70 ശതമാനം പേര്‍ക്കെങ്കിലും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശം. വാക്‌സിനെടുക്കുന്നവര്‍ക്ക് മദ്യം സൗജന്യമായി നല്‍കുന്ന പദ്ധതി നേരത്തെ വാഷിങ്ടണില്‍ നടപ്പാക്കിയിരുന്നു.

Top