Get out, Haryana mantri tells top cop after spat

ഫത്തേഗബാദ്: ഉദ്യോഗസ്ഥരെ വിറപ്പിച്ചു നിര്‍ത്തുന്ന മന്ത്രിയെ വിറപ്പിച്ച് വനിതാ ഐപിഎസ് ഓഫീസര്‍.

ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജും ഫത്തേഗബാദ് ജില്ലാ പോലീസ് ചീഫും തമ്മിലുള്ള വാക്‌പോരും മന്ത്രിക്ക് ഇറങ്ങിപ്പോകേണ്ടി വന്നതുമാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

അനില്‍ വിജ് ചെയര്‍മാനായ പരാതി പരിഹാര സമിതിയില്‍ വച്ചായിരുന്നു സംഭവം.

ഹരിയാന – പഞ്ചാബ് അതിര്‍ത്തിയിലെ മദ്യ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന മന്ത്രിയുടെ ചോദ്യമാണ് വിവാദ സംഭവങ്ങളുടെ തുടക്കം. 2,500 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന എസ്.പിയുടെ മറുപടിയില്‍ തൃപ്തനാകാതിരുന്ന മന്ത്രി, വീണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇരുവരും ഉടക്കുകയായിരുന്നു. ഒടുവില്‍ കുപിതനായ അനില്‍ വിജ് എസ്.പിയോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

താനെന്തിന് ഇറങ്ങിപ്പോകണമെന്ന് ചോദിച്ച് തിരിച്ചടിച്ച് പ്രതികരിച്ച ഐപിഎസ് ഓഫീസറുടെ നടപടി മന്ത്രിയെ മാത്രമല്ല വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ഞെട്ടിച്ചുകളഞ്ഞു.

തുടര്‍ന്ന് ഉത്തരവ് അനുസരിക്കാതെ പ്രതികരിച്ച എസ്.പിയുടെ നടപടിയെ തുടര്‍ന്ന് മന്ത്രിക്ക് തന്നെ നാണംകെട്ട് ഇറങ്ങിപ്പോകേണ്ട ഗതികേടുണ്ടായി.

കുപിതനായ മന്ത്രി പിന്നീട് ഇറങ്ങിപ്പോവുകയായിരുന്നു. മന്ത്രി ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ് പുറത്തേക്ക് ഇറങ്ങിയ ഘട്ടത്തില്‍ മാത്രമാണ് എസ്.പി ഇരുപ്പിടത്തില്‍ നിന്ന് എണീറ്റത് തന്നെ.

ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുമൊക്കെ ഉണ്ടായിരുന്ന പരിപാടിയില്‍ അപ്രതീക്ഷിതമായി വാക്കേറ്റമുണ്ടായതും മന്ത്രി ഇറങ്ങിപ്പോയതും നാഷണല്‍ ചാനലുകളടക്കം തല്‍സമയം വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായിരിക്കുകയാണ്.

മന്ത്രിയെ അപമാനിച്ചുവെന്ന കുറ്റം ചാര്‍ത്തി എസ്.പിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ഹരിയാനയില്‍ നിന്നും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത.

മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ അനില്‍ വിജുവിനെതിരായ എസ്.പിയുടെ പെരുമാറ്റത്തില്‍ ബിജെപി നേതാക്കളും രോഷാകുലരാണ്. എന്നാല്‍ സത്യസന്ധയായ ഉദ്യോഗസ്ഥയെ പൊതു സദസ്സില്‍ വച്ച് മന്ത്രി മനഃപൂര്‍വ്വം അപമാനിക്കുകയാണ് ഉണ്ടായതെന്ന അഭിപ്രായവും ഇതിനകം തന്നെ പുറത്തുവരുന്നുണ്ട്.

2,500 ഓളം കേസുകള്‍ മദ്യക്കള്ളക്കടത്തുകാര്‍ക്കെതിരെ എടുത്ത കാര്യം വ്യക്തമാക്കിയിട്ടും മന്ത്രി പ്രകോപനം ഉണ്ടാക്കിയത് ശരിയായില്ലെന്ന നിലപാട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലുമുണ്ട്.

Top