ബൈക്കിലെത്തി പിടിച്ചുപറി; സഹസംവിധായകന്‍ അടക്കം അറസ്റ്റില്‍

പാലക്കാട്: ബൈക്കിലെത്തി പിടിച്ചു പറി നടത്തുന്ന സംഘത്തിലെ സിനിമാ സഹ സംവിധായകന്‍ അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാല്‍പ്പതോളം പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ട കൊച്ചി തൃക്കാക്കര സ്വദേശി ഇമ്രാന്‍ഖാന്‍, സിനിമാ സഹ സംവിധായകന്‍ കെന്നടിമുക്ക് ചെറുവള്ളി സുര്‍ജിത് എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 9ന് ലക്കിടിയില്‍ യുവതിയുടെ മാല തട്ടിപ്പറിച്ച കേസിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ലക്കിടി അകലൂര്‍ കായല്‍പ്പള്ളയിലെ രാജേഷിന്റെ ഭാര്യ രഞ്ജുവിന്റെ കഴുത്തില്‍ നിന്ന് 4 പവന്റെ മാല പ്രതി ഇമ്രാന്‍ഖാന്‍ ബൈക്കിലെത്തി പിടിച്ചുപറിക്കുകയായിരുന്നു.

ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം ഇവര്‍ പിന്നീട് പോലീസില്‍ പരാതി നല്‍കി. നമ്പര്‍ വ്യാജമായിരുന്നെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് മലപ്പുറം താനൂരിലെ വീട്ടില്‍ നിന്ന് ഇമ്രാന്‍ഖാനെ പിടികൂടാനായത്. ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നു മാല വില്‍പന നടത്തിയ സുര്‍ജിത്തിനെയും അറസ്റ്റ് ചെയ്തു. പിടിച്ചു പറിക്ക് ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Top