ജര്‍മനിയില്‍ ഭീകരവാദികളെന്നു സംശയിക്കുന്ന 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ബര്‍ലിന്‍ : ജര്‍മനിയില്‍ ഭീകരവാദികളെന്നു സംശയിക്കുന്ന 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമാന്തര സൈനിക സംഘടന രൂപീകരിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

ചെമിന്‍സ് നഗരത്തില്‍ വിദേശികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട ഇവര്‍ വിപുലമായ തരത്തില്‍ ആക്രമങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ആക്രമിക്കാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു.

നൂറോളം വരുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ആറു പേരും 20നും 30നും ഇടയില്‍ മാത്രം പ്രായമുള്ളവരാണ് അറസ്റ്റിലായവരില്‍ കൂടുതലും. സെപ്റ്റംബര്‍ 14ന് ഇവര്‍ ചില വിദേശികളെ അക്രമിച്ചതായി പൊലീസ് വ്യക്തമാക്കി. ചില്ലു കുപ്പി ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.

തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു സ്ഥലത്ത് ആക്രമണം നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. സംഘാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം രഹസ്യമായി നിരീക്ഷിച്ചാണ് ഗൂഢപദ്ധതികള്‍ പൊളിച്ചതെന്നും പൊലീസ് അവകാശപ്പെട്ടു.

രാജ്യത്തേക്കു വരുന്ന അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിന്റെ അനുകൂല നിലപാടാണ് സംഘത്തെ ചൊടിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍.

Top