ജർമ്മനിയുടെ മാസ്കുകൾ തട്ടി, അമേരിക്കക്കെതിരെ ജർമ്മനി !

നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ മാസ്‌കുകള്‍ക്ക് വേണ്ടി ലോകരാജ്യങ്ങള്‍ തമ്മില്‍ പിടിവലിക്കിടെ അമേരിക്കയ്‌ക്കെതിരെ കടുത്ത ആരോപണവുമായി ജര്‍മനി.

ചൈനയില്‍ നിന്ന് ജര്‍മന്‍ പൊലീസിനു വേണ്ടി ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്‌കുകള്‍ അമേരിക്ക തട്ടിയെടുത്തു എന്നാണ് ജര്‍മനിയുടെ ആരോപണം. വിമാനമാര്‍ഗം ജര്‍മനിയിലേക്ക് കൊണ്ടുപോയ മാസ്‌കുകള്‍ ബാങ്കോക്കില്‍ വെച്ച് തടഞ്ഞ് അമേരിക്കയിലേക്ക് അയയ്ക്കുകയായിരുന്നുവെന്നാണ് ജര്‍മന്‍ അധികൃതര്‍ ആരോപിക്കുന്നത്.

അമേരിക്കന്‍ കമ്പനിയായ 3എമ്മിനു വേണ്ടി മാസ്‌ക് നിര്‍മിച്ചു നല്‍കുന്നത് ഒരു ചൈനീസ് കമ്പനിയാണ്. ചൈനയില്‍ നിന്ന് കൊണ്ടുപോയ മാസ്‌കുകള്‍ അമേരിക്ക പിടിച്ചെടുത്തുവെന്നാണ് ആരോപണം.

കൊറോണയെ നേരിടാന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി രാജ്യാന്തരവിപണിയില്‍ കടുത്ത മത്സരം നടക്കുന്നതിനിടെയാണ് അമേരിക്കയ്‌ക്കെതിരെ കടുത്ത ആരോപണവുമായി ജര്‍മനി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഫ്രാന്‍സും സമാനമായ ആരോപണം ഉയര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന. ‘ആധുനിക കാലത്തെ കൊള്ള’ എന്നാണ് ബെര്‍ലിന്‍ സ്റ്റേറ്റിന്റെ ആഭ്യന്തരമന്ത്രി ആന്‍ഡ്രിയാസ് ജീസെല്‍ പറഞ്ഞത്. അമേരിക്ക രാജ്യാന്തര നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആന്‍ഡ്രിയാസ് ജര്‍മന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബെര്‍ലിന് പൊലീസില്‍ നിന്ന് ഓര്‍ഡറൊന്നും ലഭിച്ചിട്ടില്ലെന്നും ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് 3എം എന്ന അമേരിക്കന്‍ കമ്പനി അറിയിച്ചു. ഇത്തരത്തിലുള്ള ഈ ആരോപണം യൂറോപ്പും അമേരിക്കയും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് പുറത്തുവരുന്നത്.

മാസ്‌കുകള്‍ നേരിട്ട് കണ്ട് ഗുണനിലവാരം ഉറപ്പാക്കിയശേഷം പണം നല്‍കാനാണ് ജര്‍മനി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒന്നും നോക്കാതെ പണം നല്‍കി മാസ്‌കുകള്‍ സ്വന്തമാക്കുകയാണ് അമേരിക്ക ചെയ്തതെന്ന് ജര്‍മന്‍ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

അതേസമയം, മാസ്‌കുകളും മെഡിക്കല്‍ ഉപകരണങ്ങളും വന്‍തോതില്‍ സംഭരിക്കാനുള്ള ശ്രമമാണ് അമേരിക്കയില്‍ നടക്കുന്നത്. രണ്ടരലക്ഷത്തിലേറെ പേര്‍ക്ക് കൊറോണ ബാധിക്കുകയും 6600 പേര്‍ മരിക്കുകയും ചെയ്തതോടെ കടുത്ത ജാഗ്രതയിലാണ് രാജ്യം. കൂടുതല്‍ മാസ്‌കുകള്‍ നിര്‍മിക്കാന്‍ 3എമ്മിനോട് യുഎസ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.

Top