നിയമത്തിന് അംഗീകാരം നൽകി ജര്‍മനി ആദ്യ സ്വവര്‍ഗ വിവാഹം നടപ്പിലാക്കി

ബര്‍ലിന്‍: സ്വവര്‍ഗ വിവാഹ നിയമത്തിന് അംഗീകാരം നൽകിയതിന് ശേഷം ആദ്യ സ്വവര്‍ഗ വിവാഹം ജര്‍മനി നടപ്പിലാക്കി.

60 കാരനായ ബോഡോ മെന്‍ഡെയും, 59 കാരനായ കാള്‍ ക്രെയിലെയുമാണ് സിവില്‍ നിയമപ്രകാരം ഒക്‌ടോബര്‍ ഒന്നിന് വിവാഹിതരായത്.

ഞായറാഴ്ച ഒഴിവുദിനമായിരുന്നിട്ടും ആദ്യ വിവാഹത്തിനായി സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ഇവര്‍ക്കായി തുറന്നു.

ബര്‍ലിനിലെ ഷോബെര്‍ഗ് ടൗണ്‍ ഹാളിലായിരുന്നു വിവാഹച്ചടങ്ങ് നടന്നത്. വിവാഹ അടയാളമായി ഇരുവരും മോതിരം കൈമാറുകയും രജിസ്റ്ററില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.

1979 മുതല്‍ ദീര്‍ഘകാലം കൂട്ടുകാരായിരുന്നു ബോഡോ മെന്‍ഡെയും കാള്‍ ക്രെയിലെയും. വിവാഹത്തോടെ ജര്‍മനിയില്‍ ദമ്പതികള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ദത്തെടുക്കല്‍ പോലുള്ള അവകാശങ്ങളും ഇവര്‍ക്കു ലഭിക്കും.

2001 മുതല്‍ ജര്‍മനിയില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഒരുമിച്ചു ജീവിക്കാനും പൊതുസ്ഥലങ്ങളില്‍ ഇടപെടാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും ദമ്പതികള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നല്‍കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിലായത് ഈ വര്‍ഷം ജൂണിലാണ്.

സ്വവര്‍ഗാനുരാഗികളായ 94,000 ഇണകള്‍ ജര്‍മനിയില്‍ വിവാഹിതരാവാന്‍ കാത്തിരിക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വവര്‍ഗ വിവാഹം നടപ്പിലാക്കിയ യൂറോപ്പിലെ പതിനഞ്ചാമത്തെ രാജ്യമാണ് ജര്‍മനി. ലോകത്തിലാദ്യമായി നെതര്‍ലന്‍ഡ്‌സാണ് സ്വവര്‍ഗവിവാഹം നിയമത്തിലൂടെ അംഗീകരിച്ച രാജ്യം. തുടര്‍ന്ന് ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ഈസ്‌ലാന്റ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നോര്‍വെ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളും നിയമം പാസ്സാക്കി.

Top