‘ബോയ്കോട്ട് ഖത്തർ’ ക്യാമ്പയിനുമായി ജ‌‌‌‌ർമനിയിലെ പബ്ബുകൾ

ബർലിൻ: ഖത്തർ ലോകകപ്പിനോടുള്ള യൂറോപ്യൻ രാജ്യങ്ങളിലുള്ളവരുടെ പ്രതിഷേധം അവസാനിക്കുന്നില്ല. ‘ബോയ്കോട്ട് ഖത്തർ’ എന്ന ക്യാമ്പയിൻ പ്രഖ്യാപിച്ച ജർമനിയിലെ പബ്ബുകൾ സ്വന്തം ടീമിൻറെ കളി പോലും കാണില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ബഹിഷ്കരണ ആഹ്വാനം നടത്തിയിരിക്കുന്നത്. പബ്ബുകളിലും ബാറുകളിലും ഒത്തുകൂടി ആരാധകർ കളി കാണുന്നത് ജർമനിയിലെ പതിവ് കാഴ്ചയാണ്.

മൈതാനങ്ങളേക്കാൾ ആവേശത്തോടെയാകും ഇവിടങ്ങളിൽ ആരാധകർ ലോകകപ്പിനെ വരവേൽക്കാറുള്ളത്. കഴിഞ്ഞ 27 വർഷമായി ജർമൻ ക്ലബ് എഫ്സി കോളോണിൻറെയും ദേശീയ ടീമിൻറെയും കളി ആരാധകർക്കായി വച്ചുകൊടുക്കുന്ന പബ്ബാണ് കൾട്ട് പബ്ബ് ലോട്ട. എന്നാൽ, ഈ ലോകകപ്പ് കാണാൻ ആരാധകർ ഈ വഴി വരേണ്ടെന്നാണ് പബ്ബിൻറെ ഉടമ പറയുന്നത്. ഫിഫയോടും ഖത്തറിനോടുമുള്ള പ്രതിഷേധം തന്നെയാണ് ഇതിന് കാരണം.

ഫിഫയുടെ അഴിമതിയും സ്ത്രികളോടും സ്വവർഗാനുരാഗികളോടുമുള്ള ഖത്തറിന്റെ നിലപാടുകളും അംഗീകരിക്കാനാവില്ലെന്നും എല്ലാ ഫുട്ബോൾ ആരാധകർക്കും മാതൃകയാകാനാണ് ഈ തീരുമാനമെന്നും ലോട്ട ഉടമ പീറ്റർ സിന്നർമാൻ പറഞ്ഞു. ബഹിഷ്കരണാഹ്വാനം മറ്റ് പബ്ബുകളും ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും ജർമ്മൻ ആരാധകർക്ക് ഇനി ഒത്തൊരുമിച്ച് കളികാണാൻ മറ്റ് വഴികൾ നോക്കേണ്ടി വരും.

അതേസമയം, ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെ നേരിടുന്നതിനിടെ ഗാലറിയിൽ ബിയർ വേണമെന്ന ചാൻറ് ഉയർത്തി ഇക്വഡോർ ആരാധകർ. ‘വീ വാണ്ട് ബിയർ, വീ വാണ്ട് ബിയർ’ എന്ന് ഇക്വഡോർ ആരാധകർ ചാൻറ് ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നൽകില്ലെന്ന് ഫിഫ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയത്തിൽ ആൽക്കഹോൾ അടങ്ങിയ ബിയർ വിൽപ്പനയും ഉണ്ടാകില്ല. ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വിൽപ്പന നടത്തുക.

Top