ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

മ്യൂണിക്ക്‌ : ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ജെര്‍ദ് മുള്ളര്‍ (75) അന്തരിച്ചു. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക്‌ സ്ഥിരീകരിച്ചു. ക്ലബ്ബ് തലത്തില്‍ 15 വര്‍ഷം ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും രാജ്യാന്തരതലത്തില്‍ പശ്ചിമജര്‍മനിക്കുവേണ്ടിയും കളിച്ചിരുന്ന മുള്ളര്‍ കഴിഞ്ഞ കുറേ നാളുകളായി അല്‍ഷിമേഴ്‌സ് രോഗത്തിന് ചികിത്സയിലായിരുന്നു.

ബയേണിനായി 15 വര്‍ഷത്തിനിടെ 566 ഗോളുകള്‍ നേടി. യൂറോപ്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളാണ് മുള്ളര്‍. ജര്‍മനിക്കൊപ്പം 1974ലെ ലോകകപ്പ് സ്വന്തമാക്കാന്‍ അദ്ദേഹത്തിനായിരുന്നു. 1970ല്‍ ബലന്‍ ദി ഓര്‍ പുരസ്‌കാരവും മുള്ളറെ തേടിയെത്തി. ജര്‍മന്‍ ജേഴ്‌സിയില്‍ 62 മത്സരങ്ങള്‍ കളിച്ച താരം 68 ഗോളുകള്‍ നേടി. ബുണ്ടസ്‌ലിഗയില്‍ 365 ഗോളുകള്‍ എന്ന അപൂര്‍വ റെക്കോഡും അദ്ദേഹത്തിനുണ്ട്.

1964 മുതല്‍ 1979വരെ ബയേണ്‍ ജേഴ്‌സിയില്‍ അദ്ദേഹമുണ്ടായിരുന്നു. 14 കിരീടങ്ങളും അവര്‍ക്കൊപ്പം സ്വന്തമാക്കി. 32 ബുണ്ടസ് ലിഗ ഹാട്രിക്ക് സ്വന്തം പേരിലാക്കി. ഏഴ് തവണ ബുണ്ടസ് ലീഗ ടോപ് സ്‌കോററായിരുന്നു.

Top