ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്‌മെ അന്തരിച്ചു

ബെര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്‌മെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 63-ാം വയസിലാണ് അന്ത്യം. 1990ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയുടെ വിജയഗോള്‍ നേടിയ താരമാണ് ആന്ദ്രേസ്. കൈസര്‍ലൗട്ടേണ്‍, ബയേണ്‍ മ്യൂണിക്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. പശ്ചിമ ജര്‍മ്മനിക്കായി 86 മത്സരങ്ങളിലും ബൂട്ടണിഞ്ഞു.

1990ലെ ലോകകപ്പില്‍ ബ്രെഹ്‌മയുടെ പരിശീലകനായിരുന്ന ഫ്രാന്‍സ് ബെക്കന്‍ബോവര്‍ രണ്ട് മാസം മുമ്പാണ് അന്തരിച്ചത്. കരിയറില്‍ ആകെ എട്ട് ഗോളുകളാണ് താരം നേടിയത്.

ഒരു പ്രതിരോധ താരമായിരുന്ന ബ്രെഹ്‌മെ 1986ലെ ലോകകപ്പിലും ജര്‍മ്മന്‍ ടീമില്‍ അംഗമായിരുന്നു. അന്ന് ഫൈനലില്‍ അര്‍ജന്റീനയോട് തോല്‍ക്കാനായിരുന്നു ജര്‍മ്മന്‍ സംഘത്തിന്റെ വിധി. നാല് വര്‍ഷത്തിന് ശേഷം വീണ്ടും പഴയ എതിരാളികള്‍ ലോകകപ്പിന്റെ ഫൈനലില്‍ എത്തി. ഇത്തവണ ബ്രെഹ്‌മെയുടെ ഒറ്റ ഗോളിലാണ് ജര്‍മ്മന്‍ സംഘം ലോകകപ്പ് ഉയര്‍ത്തിയത്. 85-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ബ്രെഹ്‌മെ ജര്‍മ്മനിയുടെ വിജയഗോള്‍ നേടിയത്.

Top