കൊറോണ തോറ്റുപോയത് മതത്തിന്റെ മുമ്പില്‍ മാത്രമാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം:  കൊറോണ വൈറസ് തോറ്റുപോയത് മതത്തിന്റെ മുമ്പില്‍ മാത്രമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കുറച്ചുകാലം മതങ്ങളുടെ വിഷ പത്തികള്‍ അടക്കി വയ്ക്കുവാന്‍ ഈ വൈറസിന് സാധിച്ചുവെങ്കിലും ഒരിടവേളയ്ക്ക് ശേഷം വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും വിഷ പത്തികള്‍ വര്‍ദ്ധിച്ച വീര്യത്തോടെയും പ്രതികാരദാഹത്തോടെയും വിടര്‍ന്ന് ആടുകയാണ്. ഭയവും വിദ്വേഷവും ജനിപ്പിക്കുന്ന പ്രസ്താവനകള്‍ ഉയരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശാസ്ത്രത്തെയും സമ്പന്ന രാജ്യങ്ങളെയും ലോകം മുഴുവനെയും കിടുകിടാ വിറപ്പിച്ച ഉഗ്ര പ്രഹരശേഷിയുള്ള കൊറോണ വൈറസ് പക്ഷേ തോറ്റുപോയത് മതത്തിന്റെ മുന്‍പില്‍ മാത്രമാണ്. കുറച്ചുകാലം മതങ്ങളുടെ വിഷ പത്തികള്‍ അടക്കി വയ്ക്കുവാന്‍ ഈ വൈറസിന് സാധിച്ചുവെങ്കിലും ഒരിടവേളയ്ക്ക് ശേഷം വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും വിഷ പത്തികള്‍ വര്‍ദ്ധിച്ച വീര്യത്തോടെയും പ്രതികാരദാഹത്തോടെയും വിടര്‍ന്ന് ആടുകയാണ്.

പള്ളിപിടുത്തത്തിന്റെ പുതിയ സീസണിന് കാഹളം മുഴങ്ങി കഴിഞ്ഞു. ഭയവും വിദ്വേഷവും ജനിപ്പിക്കുന്ന പ്രസ്താവനകള്‍ ഉയരുന്നു. കുറച്ചുകാലം ഉറങ്ങിക്കിടന്നിരുന്ന ആള്‍ദൈവങ്ങള്‍ ഉണര്‍ന്നു എഴുന്നേല്‍ക്കുന്നു. ഇടക്കാലത്ത് വേണ്ടെന്നുവച്ച അനാചാരങ്ങളും ആഡംബരങ്ങളും ആര്‍ഭാടങ്ങളും വീണ്ടും പ്രത്യക്ഷപ്പെടുന്നു. പ്രളയ കാലത്തും മഹാമാരിയുടെ അതിരൂക്ഷമായ സമയത്തും നാം തിരിച്ചുപിടിച്ച കരുതലും മാനവികതയും വിട്ടുകളഞ്ഞ് വീണ്ടും മതാന്ധതയുടെ തടവുകാരായി മാറുന്നു. സായിപ്പിന്റെ നാട്ടില്‍ മാര്‍ക്‌സും നമ്മുടെ നാട്ടില്‍ വയലാറും പറഞ്ഞത് യാഥാര്‍ഥ്യം ആകുന്നു! മതമല്ല മനുഷ്യത്വം ആണ് വലുത് എന്ന് പഠിക്കാന്‍ ഇനി പുതിയ മഹാമാരിയെ നാം ക്ഷണിച്ചു വരുത്തണമോ?

Top