ജോർജ് ഫ്ലോയിഡ് വധം: മുൻ പൊലീസ്‌ ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി

വാഷിങ്‌ടൺ: ആഫ്രോ – അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ അമേരിക്കൻ പൊലീസ്‌  ഉദ്യോഗസ്ഥൻ  ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി. ഇയാൾക്കെതിരെ കൊലപാതകമടക്കമുള്ള മുന്ന് കുറ്റങ്ങളും തെളിഞ്ഞതായി മിനിയാപൊളിസ് കോടതി വ്യക്തമാക്കി. കൊലപാതകം, നരഹത്യ എന്നീ നിർണായക കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിൽ എട്ട് ആഴ്‌ചകൾക്കുള്ളിൽ വിധി പ്രസ്‌താവം ഉണ്ടാകും. 75 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ഡെറിക് ഷോവിനെതിരെ ചുമത്തിയിരിക്കുന്നത്. വിധി കേൾക്കാൾ കോടതിക്ക് പുറത്ത് വലിയ ജനക്കൂട്ടം എത്തിയിരുന്നു.

കനത്ത സുരക്ഷയാണ് കോടതി പരിസരത്ത്  പൊലീസ്‌ ഏർപ്പെടുത്തിയിരുന്നത്. കോടതി നടപടികൾ വൈറ്റ് ഹൈസിലിരുന്ന് വീക്ഷിച്ച യുഎൻ പ്രസിഡൻ്റ് ജോ ബൈഡന്‍ കോടതിയുടെ നിലപാട് പുറത്തുവന്നതിന് പിന്നാലെ ഫ്ലോയിഡിൻ്റെ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടു.

കഴിഞ്ഞ മെയ് 25 നായിരുന്നു കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ ഡെറിക് ഷോവിൻ കാൽമുട്ട് കൊണ്ട് കഴുത്തിലമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. വ്യാജ രേഖകൾ ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

Top