ജോര്‍ജ്ജ് രാജകുമാരന്റെ അഞ്ചാം പിറന്നാളിന്റെ ചിത്രം പുറത്ത്

ലണ്ടന്‍: തന്റെ സ്‌പെഷ്യല്‍ ചിരിയുമായി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്ന ജോര്‍ജ്ജ് രാജകുമാരന്റെ ചിത്രം പുറത്ത് വിട്ടു. അഞ്ചാം പിറന്നാളിന്റെ ഭാഗമായി കെന്‍സിംഗ്ടണ്‍ കൊട്ടാരമാണ് ഔദ്യോഗികമായി ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

മുത്തശ്ശന്‍ ചാള്‍സ് രാജകുമാരന്റെ ഭവനമായ ക്ലാരന്‍സ് ഹൗസിന്റെ ചുമരില്‍ ചാരിനില്‍ക്കുന്ന ജോര്‍ജ്ജ് പുഞ്ചിരിയോട് കൂടിയാണ് ചിത്രത്തില്‍ പ്രതൃക്ഷപ്പെട്ടിരിക്കുന്നത്. ഈ മാസം ആദ്യം ലൂയിസ് രാജകുമാരന്റെ മാമ്മോദീസ ചടങ്ങുകള്‍ക്ക് ശേഷമാണ് ഈ ചിത്രം പകര്‍ത്തിയത്. കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസുമാണ് ചിത്രം പുറത്തുവിട്ടത്.

42 പൗണ്ടിന്റെ ഡിസൈനര്‍ ഷര്‍ട്ടും, 44 പൗണ്ടിന്റെ നേവി ബ്ലൂ ഷോര്‍ട്‌സുമാണ് ജോര്‍ജ്ജ് അണിഞ്ഞിരിക്കുന്നത്. അമേയ കിഡ്‌സിന്റെ ഈ വസ്ത്രങ്ങള്‍ ഉടന്‍ തന്നെ വിറ്റുതീരുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. സ്‌പെയിനില്‍ നിന്നുമുള്ള അമേയ അരീറ്റയും, ഫ്രാന്‍സില്‍ നിന്നുമുള്ള സെഗോളീന്‍ ട്രെസ്‌കയും നടത്തുന്ന ലണ്ടന്‍ ആസ്ഥാനമായ ബ്രാന്റിന്റെ വസ്ത്രങ്ങളാണ് ജോര്‍ജ്ജ് കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഫേവറിറ്റ്. ഷാര്‍ലറ്റ് രാജകുമാരി ജനിച്ചപ്പോള്‍ ആശുപത്രിയില്‍ കാണാനെത്തിയ സമയത്ത് ജോര്‍ജ്ജ് അണിഞ്ഞ വസ്ത്രം മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടന്നിരുന്നു.

പിറന്നാള്‍ ആഘോഷങ്ങള്‍ വ്യത്യസ്തമാക്കിക്കൊണ്ട് കുടുംബം കരീബിയന്‍ ദ്വീപായ മസ്റ്റീക്കിലേക്ക് ഉടന്‍ പറക്കും. 2013ലാണ് ജോര്‍ജ്ജ് രാജകുമാരന്‍ പിറന്നത്. മകന്‍ സാധാരണക്കാരന്റേതായ കുട്ടിക്കാലം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് രക്ഷിതാക്കള്‍. നാനി മരിയ തെരേസ തുറിയോണ്‍ ബൊറാലോ ജോര്‍ജ്ജ് രാജകുമാരനെ സ്പാനിഷ് ഭാഷ സംസാരിക്കാന്‍ പഠിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ കുതിര സവാരിയും, ടെന്നീസും പഠിക്കാനുള്ള ശ്രമത്തിലാണ് .

മറ്റ് രാജകുടുംബാംഗങ്ങളെ പോലെ രാജകീയത മാത്രം നോക്കി നടക്കാതെ സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള പ്രേരണയാണ് വില്ല്യമും കെയ്റ്റും മക്കള്‍ക്ക് നല്കുന്നത്.

Top